എംഎസ്എംഇകള്‍ക്ക് കേന്ദ്രം നല്‍കാനുള്ളത് 2600 കോടി രൂപയിലേറെ

കേന്ദ്ര പൊതുമേഖലാ യൂണിറ്റുകള്‍ക്കാണ് 2132 കോടി രൂപയോടെ ഏറ്റവും കൂടുതല്‍ തുക കുടിശ്ശികയിനത്തിലുള്ളത്

Update:2023-03-03 10:33 IST

കേന്ദ്ര മന്ത്രാലയങ്ങള്‍, കേന്ദ്ര വകുപ്പുകള്‍, കേന്ദ്ര പൊതുമേഖലാ യൂണിറ്റുകള്‍ എന്നിവ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) നല്‍കാനുള്ള തുകയില്‍ കാലതാമസം വരുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ കാലതാമസം നേരിട്ട 2886 അപേക്ഷകളിലായി 2,679.22 കോടി രൂപയാണ് 2022 മാര്‍ച്ച് 2 വരെ എംഎസ്എഇകള്‍ക്ക് നല്‍കാനുള്ളതെന്ന് ഫൈനാല്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാലതാമസം കണക്കുകളില്‍ വ്യക്തം

എംഎസ്എംഇ മന്ത്രാലയത്തിന്റെ എംഎസ്എംഇ സമാധാന്‍ പോര്‍ട്ടലില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കേന്ദ്ര പൊതുമേഖലാ യൂണിറ്റുകള്‍ക്കാണ് 2132 കോടി രൂപയോടെ ഏറ്റവും കൂടുതല്‍ തുക കുടിശ്ശികയിനത്തിലുള്ളത്. കേന്ദ്ര വകുപ്പുകളില്‍ ഇത് 343 കോടി രൂപയും, കേന്ദ്ര മന്ത്രാലയങ്ങളില്‍ ഇത് 211 കോടി രൂപയുമാണ്.

2017 ഒക്ടോബറില്‍ ഈ പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ കേന്ദ്ര പൊതുമേഖലാ യൂണിറ്റുകളില്‍ 1840 തീര്‍പ്പുകല്‍പ്പിക്കാത്ത പരാതികളുണ്ട്. കേന്ദ്ര വകുപ്പുകളില്‍ ഇത് 757 പരാതികളാണ്. കേന്ദ്ര മന്ത്രാലയങ്ങളില്‍ ഇത് 289 പരാതികളും.

നിര്‍ണായക പ്രശ്‌നം

ഇന്ത്യയുടെ ജിഡിപിയില്‍ 30 ശതമാനവും ഇന്ത്യയുടെ കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്ന 6.3 കോടി എംഎസ്എംഇകള്‍ ഇന്ത്യയിലെ 21 ശതമാനം തൊഴിലാളികള്‍ക്കും 80 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പണമിടപാടുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളും തര്‍ക്കങ്ങളും ഇവരെ നടുക്കയത്തിലേക്ക് തള്ളിവിടുകയാണ്.

ഇത്തരത്തില്‍ കാലതാമസം നേരിടുന്ന പണമിടപാടുകള്‍ എംഎസ്എംഇകളുടെ വളര്‍ച്ചയെ മാത്രമല്ല, വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഒരു നിര്‍ണായക പ്രശ്‌നമാണ്.

Tags:    

Similar News