ഓയോ: ഓഹരിപങ്കാളിത്തം 3 ഇരട്ടിയാക്കാൻ സ്ഥാപകൻ റിതേഷ് അഗർവാൾ

Update: 2019-07-20 06:43 GMT

ഓയോ ഹോട്ടൽസ് ആൻഡ് ഹോംസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗർവാൾ കമ്പനിയിലെ തന്റെ ഓഹരിപങ്കാളിത്തം 3 ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു. 

കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ ലൈറ്റ് സ്പീഡ് വെൻച്വർ പാർട്ണേഴ്സ്, സെഖോയ ക്യാപിറ്റൽ എന്നിവരുടെ പക്കലുള്ള ഓഹരി തിരികേ വാങ്ങിയാണ് റിതേഷ് ഈ ലക്ഷ്യം നേടുക. ഓഹരി തിരികേ വാങ്ങുന്നതോടെ റിതേഷിൻറെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിൽ നിന്ന് 30 ശതമാനമായി മാറും. 

സെഖോയ ഇതിലൂടെ 500 മില്യൺ ഡോളർ എങ്കിലും നേടുമെന്നാണ് കണക്കാക്കുന്നത്. ലൈറ്റ് സ്പീഡ് 1 ബില്യൺ ഡോളറും. ഇതിനായി 2 ബില്യൺ ഡോളറാണ് റിതേഷ് നിക്ഷേപിക്കേണ്ടി വരിക. ഇതുകൂടാതെ സോഫ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള നിലവിലെ മറ്റ് നിക്ഷേപകർ 800 മില്യൺ ഡോളറും കമ്പനിയിൽ നിക്ഷേപിക്കും.

വലിയ ഒരു ഫണ്ട് റൈസിംഗ് പദ്ധതിയുടെ ഭാഗമാണ് റിതേഷിൻറെ share buyback പദ്ധതി. രണ്ടു മൂന്ന് വർഷത്തിനുള്ളിൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് ഒയോ എന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ നിക്ഷേപത്തോടെ കമ്പനി വാല്യൂവേഷൻ ഉയർത്തിയ ശേഷം ലിസ്റ്റ് ചെയ്യാനാണ് നീക്കം.

കമ്പനിയുടെ ഇപ്പോഴത്തെ വാല്യൂവേഷൻ 10 ബില്യൺ (1000 കോടി) ഡോളർ ആണ്. പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനായി ആർഎ-ഹോസ്പിറ്റാലിറ്റി എന്ന പുതിയ സ്ഥാപനം ഇക്കഴിഞ്ഞ ദിവസം ഓയോ ആരംഭിച്ചിരുന്നു. കേമാൻ ഐലൻഡിലാണ് ഈ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ഷെയർ ബൈബാക്ക് ആർഎ-ഹോസ്പിറ്റാലിറ്റിയായിരിക്കും കൈകാര്യം ചെയ്യുക. 

ജൂണിൽ ഓയോയുടെ വാർഷിക വരുമാനം 4.4 ഇരട്ടി വളർന്നെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ 200,000 റൂമുകളും ആഗോള തലത്തിൽ 10 ലക്ഷം റൂമുകളും ഓയോയ്ക്കുണ്ട്. റൂമുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ തങ്ങൾ ലോകത്ത് മൂന്നാം സ്ഥാനത്താണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  

കൂടുതൽ വായിക്കാം: 5 വർഷം കൊണ്ട് 5 ബില്യൺ ഡോളർ മൂല്യം നേടി ഓയോ യൂണികോൺ ക്ലബ്ബിലേക്ക്  

Similar News