പേയ്ടിഎമ്മിന്റെ ടിക്കറ്റ് ബിസിനസ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം, ₹2,048 കോടിയുടെ വമ്പന്‍ ഡീല്‍

പേയ്ടിഎം ഓഹരികളുടെ ലക്ഷ്യ വില ഉയര്‍ത്തി ബ്രോക്കറേജുകള്‍

Update:2024-08-22 11:41 IST

പേയ്ടിഎമ്മിന്റെ എന്റര്‍ടെയിന്‍മെന്റ്, ടിക്കറ്റിംഗ് ബിസിനസ് വാങ്ങാന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോ തീരുമാനിച്ചു. പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സുമായി ഇതിനായി 2,048 കോടി രൂപയുടെ കരാറില്‍ സൊമാറ്റോ ഒപ്പു വച്ചു. സിനിമകള്‍, സ്‌പോര്‍ട്‌സ്, ഇവന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ടിക്കറ്റിംഗ് ബിസിനസാണ് വിറ്റഴിക്കുന്നത്.

കൈമാറ്റപ്രക്രിയ നടക്കുന്ന അടുത്ത 12 മാസത്തില്‍ പേയ്ടിഎമ്മിന്റെ ആപ്പ് വഴി മൂവി, ഇവന്റ് ടിക്കറ്റുകള്‍ ലഭ്യമാകും. പിന്നീട് ഇത് സൊമാറ്റോയുടെ പുതിയ ആപ്പില്‍ ഗോയിംഗ് ഔട്ട് വിഭാഗത്തിലേക്ക് മാറും.
പേയ്ടിഎമ്മിന്റെ കാഷ്, തതുല്യ ആസ്തി ഉയര്‍ത്താന്‍ ഈ ഡീല്‍ സഹായിക്കും. ആര്‍.ബി.ഐയുടെ നടപടിക്ക് ശേഷം തളര്‍ച്ചയിലായ  പേയ്ടിഎമ്മിന്റെ പേയ്‌മെന്റ് ബിസിനസ് ഉയര്‍ത്താനും കാഷ് ബാക്ക് പ്രോഗ്രാമുകൾ പുനഃസ്ഥാപിക്കാനുമായിരിക്കും ഈ തുക വിനിയോഗിക്കുക.
ഓഹരി വില ചാഞ്ചാട്ടത്തിൽ 
വാര്‍ത്തകളെ തുടര്‍ന്ന് പേയ്ടിഎം ഓഹരികളിന്ന് ഒരുവേള അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ശതമാനത്തില്‍ താഴെ നേട്ടത്തോടെ 578 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എ പേയ്ടിഎമ്മിന്റെ ഹോള്‍ഡ് റേറ്റിംഗ് നിലനിര്‍ത്തി. ഓഹരിയുടെ  ലക്ഷ്യ 
വില
 480 രൂപയില്‍ നിന്ന് 530 രൂപയാക്കിയിട്ടുണ്ട്. മറ്റൊരു ബ്രോക്കറേജായ സിറ്റി ലക്ഷ്യവില 410 രൂപയില്‍ നിന്ന്  440 രൂപയാക്കി, പക്ഷെ 'സെല്‍' റേറ്റിംഗ് മാറ്റിയില്ല. സൊമാറ്റോയുടെ പ്രഖ്യാപനത്തിനു മുന്നോടിയായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പേയ്ടിഎം ഓഹരികള്‍ 16 ശതമാനത്തോളമാണ് ഉയർന്നത്.
അതേ സമയം സൊമാറ്റോ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം വരെ ഉയര്‍ന്ന ശേഷം താഴേക്ക് പോയി. നിലവില്‍ 0.019 ശതമാനത്തിന്റെ നേരിയ ഇടിവോടെ 259.98 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. ഈ വര്‍ഷം ഇതു വരെ 108 ശതമാനം നേട്ടം സൊമാറ്റോ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. മൊത്തിലാല്‍ ഒസ്‌വാള്‍ സൊമാറ്റോയ്ക്ക് 300 രൂപ ലക്ഷ്യവിലയില്‍ 'ബൈ' സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്. 2010ല്‍ പ്രവര്‍ത്തനം ആരംഭിച്ച സൊമാറ്റോയുടെ വിപണി മൂല്യം. 2.29 ലക്ഷം കോടി രൂപയാണ്.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News