മരുന്നുകളുടെ വില വര്‍ധിച്ചേക്കും, കേന്ദ്രത്തെ സമീപിച്ച് ഫാര്‍മാ കമ്പനികള്‍

20 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ അനുവധിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം

Update: 2021-11-10 09:43 GMT

രാജ്യത്തെ ഷെഡ്യൂള്‍ഡ് അല്ലാത്ത മരുന്നുകളുടെ വില വര്‍ധിച്ചേക്കും. വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികളുടെ പ്രിതിനിധികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.

ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേശഷനാണ് (ഐഡിഎംഎ) ആവശ്യമുന്നയിച്ചത്. ഇതു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, നീതി ആയോഗ്, ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറി, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി എന്നിവര്‍ക്ക് സംഘടന നിവേധനം നല്‍കി. 1000 മരുന്ന് നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് സംഘടനയുടെ കീഴില്‍ നിവേദനം നല്‍കിയത്.

മരുന്നുകളുടെ വില 20 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഐഡിഎംഎ അനുമതി തേടിയിരിക്കുന്നത്. നിലവില്‍ വര്‍ഷം തോറും വില 10 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇത് 10 ശതമാനം കൂടി വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം.
അസംസ്‌കൃത വസ്തുക്കള്‍, പാക്കേജിംഗ്, ചരക്ക് നീക്കം തുടങ്ങി എല്ലാത്തിന്റെയും ചെലവ് ഉയര്‍ന്നുവെന്ന് ഐഡിഎംഎ ചൂണ്ടിക്കാട്ടി.

മരുന്നുകളില്‍ ഉപയോഗിക്കുന്ന ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്‍സിന്റെ വില 15 ശതമാനം മുതല്‍ 130 ശതമാനം വരെയാണ് വര്‍ധിച്ചത്. വില വര്‍ധിക്കുന്നത് ഉത്പാദനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നും മരുന്നുകളുടെ ക്ഷാമത്തിലേക്ക് നയിക്കുമെന്നും ഐഡിഎംഎ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെയും മറ്റും സാധാരണ നിലയില്‍ ആകുമ്പോള്‍ വര്‍ധിപ്പിക്കുന്ന വില കുറയക്കാമെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.


Tags:    

Similar News