നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം; അപ്രായോഗികമെന്ന് വ്യാപാരികള്‍

Update: 2019-12-31 06:04 GMT

ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ സംസ്ഥാനത്തു നിരോധനം പ്രാബല്യത്തിലാകും. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയാലും സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമം ലംഘിച്ചാല്‍ പതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെയാകും പിഴ.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്‌ളെക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നാളെ മുതല്‍ നിരോധനം.

അതേസമയം ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ച ശേഷം വില്‍പ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍, ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പനങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് തുടങ്ങിയവയ്ക്ക് നേരത്തെ പ്രഖ്യപിച്ചിരുന്ന നിരോധനം കഴിഞ്ഞയാഴ്ച നീക്കിയിരുന്നു.

പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, നിരോധനത്തിന്റെ ഭാഗമായി കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ അനിശ്ചിത കാലത്തേക്ക് കടകളടയ്ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു.പ്ലാസ്റ്റികിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെയുള്ള നിരോധനം ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നാണ് വ്യാപാരികളുടെ പരാതി.പെട്ടെന്നുള്ള പ്ലാസ്റ്റിക് നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കമ്പനികളെ നിയന്ത്രിക്കാതെ വ്യാപാരികള്‍ക്ക് മേല്‍ നിരോധനം അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ലെന്ന് നസറുദ്ദീന്‍ പറഞ്ഞു. നിരോധനത്തിന് മുന്‍പുള്ള ആലോചനകളില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയുണ്ട്. ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും ശേഷമുള്ള പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് പ്ലാസ്റ്റിക് നിരോധനമെന്നും വ്യാപാരികള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News