പ്ലാസ്റ്റിക് നിരോധനം സൃഷ്ടിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ

Update: 2018-06-25 14:52 GMT

പ്ലാസ്റ്റിക് നിരോധനം പരിസ്ഥിതിയ്ക്കും ഭാവിതലമുറയുടെ ആരോഗ്യത്തിനും നല്ലതുതന്നെ. പക്ഷെ അതുമൂലം ഉണ്ടാകുന്ന തൊഴിൽ, സാമ്പത്തിക രംഗത്തെ പ്രത്യാഘാതങ്ങൾ നേരിടാൻ സർക്കാർ തയ്യാറായിരിക്കണം. കാരണം, ഒരു വ്യവസായ മേഖല അങ്ങനെ തന്നെ ഇല്ലാതാകുമ്പോൾ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് അത് നേരിട്ട് ബാധിക്കാൻ പോകുന്നത്.

മഹാരാഷ്ട്രയിൽ നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധനം സർക്കാരിന് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തുക. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഏകദേശം മൂന്ന് ലക്ഷം തൊഴിലുകളാണ് ഇല്ലാതായത്.

പ്ലാസ്റ്റിക് ബാഗ്‌സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം ഈ മേഖലയിലെ 2,500 ഓളം ബിസിനസ് യൂണിറ്റുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്. പ്ലാസ്റ്റിക് വ്യവസായ മേഖലയിൽ നിന്നുള്ള കിട്ടാക്കടങ്ങൾ വർധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വളർന്നുവരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളെയും പ്ലാസ്റ്റിക് നിരോധനം കാര്യമായി ബാധിക്കും.

ജൂൺ 23ന് നിലവിൽ വന്ന നിരോധനത്തിന് മൂന്ന് മാസം സമയം സർക്കാർ അനുവദിച്ചിരുന്നു. നിയമം അനുസരിക്കാത്തവർക്ക് ആദ്യത്തെ തവണ, 5,000 രൂപയും കുറ്റം ആവർത്തിച്ചാൽ 10,000 രൂപയും ആണ് പിഴ. മൂന്നാമതും നിയമം ലംഘിച്ചാൽ, 25,000 രൂപയും മൂന്ന് മാസം തടവും ആണ് ശിക്ഷ.

ഈ വലിയ സംഖ്യകൾ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് റീറ്റെയ്ലർമാരുടെ ആശങ്ക.

ഗുജറാത്തിലെ വഡോദര, അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് നിരോധനം മൂലം 2,000 ചെറുകിട ഇടത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടലിന്റെ വക്കത്താണ്. ഏകദേശം 50,000 പേരുടെ തൊഴിലിനേയും ഇത് ബാധിക്കും.

ജനുവരി 2019 മുതൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് തമിഴ്നാട്. മറ്റ് പല സംസ്ഥാനങ്ങളിലും ഭാഗീകമായി പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ട്.

Similar News