കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലും പുതുവൈപ്പിലും 3 വമ്പന്‍ പദ്ധതികള്‍; ഉദ്ഘാടനത്തിന് മോദി വരുന്നൂ കൊച്ചിയിലേക്ക്

മൊത്തം 4,000 കോടിയോളം രൂപയുടെ പദ്ധതികള്‍; രണ്ടാം വിമാന വാഹിനിക്കപ്പലിന്റെ ഓര്‍ഡര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നല്‍കിയേക്കും

Update:2024-01-15 11:01 IST

Image : Narendra Modi/x, Cochin Shipyard /x and IOC website

കൊച്ചിയുടെയും ഇന്ത്യയുടെ തന്നെയും വികസനപ്പടവുകളിലെ മൂന്ന് നിര്‍ണായക പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 17ന് (ബുധനാഴ്ച) കൊച്ചിയിലെത്തുന്നു. ഇതില്‍ രണ്ടെണ്ണം ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെയും ഒന്ന് ഏറ്റവും വലിയ പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും (IOC) പദ്ധതികളാണ്.

കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിയുടെ ആഗോള ഹബ്ബാകാന്‍ കൊച്ചി
ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് സമയബന്ധിതമായി നിര്‍മ്മിച്ച് രാജ്യത്തിന് സമര്‍പ്പിച്ചതടക്കം നിരവധി അഭിമാനനേട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് രണ്ട് പുത്തന്‍ പദ്ധതികളുടെ കമ്മിഷനിംഗിനാണ് സജ്ജമായിരിക്കുന്നത്.
കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനെടുത്ത 42 ഏക്കറില്‍ 970 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി (ISRF), തേവരയില്‍ 1,800 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക് എന്നിവയാണ് നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുക.
ഐ.എസ്.ആര്‍.എഫ് സജ്ജമാകുമ്പോള്‍ നേരിട്ടും പരോക്ഷമായും 5,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. മാത്രമല്ല ഇന്ത്യയിലെ നിരവധി കപ്പലുകള്‍ ഇപ്പോഴും അറ്റകുറ്റപ്പണിക്കായി ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവയെ ആശ്രയിക്കുന്നുണ്ട്. ഇതൊഴിവാക്കാനും കപ്പല്‍ അറ്റകുറ്റപ്പണിയുടെയും ആഗോള ഹബ്ബാകാനും മികവുറ്റ സൗകര്യങ്ങളുള്ള ഐ.എസ്.ആര്‍.എഫ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കരുത്തേകും.
തേവരയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനോട് ചേര്‍ന്ന് തന്നെ 15 ഏക്കറിലാണ് പുതിയ ഡ്രൈഡോക്ക് ഒരുക്കിയിട്ടുള്ളത്. ആയിരത്തോളം തൊഴിലവസരങ്ങള്‍ പദ്ധതിയില്‍ തുറക്കും. പുതിയ ഡ്രൈഡോക്കില്‍ വിമാനവാഹിനികള്‍, എല്‍.എന്‍.ജി കപ്പലുകള്‍ തുടങ്ങിയവ അടക്കം വമ്പന്‍ കപ്പലുകളുടെ നിര്‍മ്മാണം സാധ്യമാണ്.
പ്രതീക്ഷിക്കാം വമ്പന്‍ പ്രഖ്യാപനവും
ഇന്ത്യയുടെ രണ്ടാം തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലിനുള്ള ഓര്‍ഡര്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷകള്‍. ആദ്യ തദ്ദേശ വിമാന വാഹിനിക്കപ്പലിന്റെ നിര്‍മ്മാണച്ചെലവ് 20,000 കോടി രൂപയ്ക്കടുത്തായിരുന്നെങ്കില്‍ ഇതിന്റെ ഇരട്ടിയോളം ചെലവ് വരുന്നതായിരിക്കും പുതിയത്.
പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനല്‍
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയിലിന്റെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 15,400 മെട്രിക് ടണ്‍ സ്‌റ്റോറേജ് ശേഷിയുള്ള ടെര്‍മിനലിന്റെ നിര്‍മ്മാണച്ചെലവ് 1,236 കോടി രൂപയാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും പാചകവാതകം (LPG) സുലഭമാക്കാന്‍ ലക്ഷ്യമിടുന്നതാണ് എറണാകുളം പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനല്‍. പ്രതീക്ഷിച്ചതിലും അഞ്ചുവര്‍ഷത്തോളം വൈകിയാണ് പദ്ധതി സജ്ജമായത്. കേരളത്തിന്റെ മുഴുവന്‍ എല്‍.പി.ജി ആവശ്യവും നിറവേറ്റാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.
കപ്പലില്‍ ദ്രവരൂപത്തില്‍ എത്തിക്കുന്ന പാചകവാതകം സംഭരണികളില്‍ സൂക്ഷിച്ച് വാതകരൂപത്തിലാക്കിയശേഷം പൈപ്പ്‌ലൈന്‍ വഴി വിതരണം ചെയ്യുകയാണ് ലക്ഷ്യം. തമിഴ്‌നാട്ടിലെ സേലം വരെയാണ് പൈപ്പ്‌ലൈന്‍.
എറണാകുളം അമ്പലമുഗളിലെ ബി.പി.സി.എല്‍., ഐ.ഒ.സിയുടെ ഉദയംപേരൂര്‍, അമ്പലമുഗള്‍, പാലക്കാട്ടെ ബി.പി.സി.എല്‍ പ്ലാന്റുകളില്‍ പൈപ്പ്‌ലൈന്‍ വഴി എല്‍.പി.ജി എത്തിച്ചശേഷം സിലിണ്ടറില്‍ നിറച്ച് വിതരണം ചെയ്യും. ടാങ്കര്‍ ലോറികളില്‍ എല്‍.പി.ജി നീക്കംചെയ്യുന്നത് ഇതുവഴി വന്‍തോതില്‍ കുറയ്ക്കാനാകും. കേരള സര്‍ക്കാരിന് 300കോടിയോളം രൂപയാണ് പ്രതിവര്‍ഷ നികുതി വരുമാനമായി എല്‍.പി.ജി ടെര്‍മിനലില്‍ നിന്ന് ലഭിക്കുക. കൊച്ചി തുറമുഖത്തിന് വരുമാനമായി 50 കോടിയോളം രൂപയും ലഭിക്കും.
മോദി ഗുരുവായൂരിലേക്കും
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സന്ദര്‍ശിക്കും. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും.
Tags:    

Similar News