സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്ത്!

സംസ്ഥാനത്ത് 32,000 സ്വകാര്യ ബസുകള്‍ ഓടിയിരുന്നു, ഇന്നത് 7,000ത്തിനു മുകളിൽ മാത്രം. എന്താണ് ഈ മേഖലയ്ക്ക് സംഭവിച്ചത്?

Update:2023-05-18 21:06 IST

Image : Canva

18-ാം വയസില്‍ പ്രീഡിഗ്രി കഴിഞ്ഞ്, അച്ഛന്‍ നടത്തിയിരുന്ന സ്വകാര്യ ബസ് മേഖലയിലേയ്ക്ക് വന്നതാണ് ഞാന്‍. 43 ബസുകള്‍ ഉണ്ടായിരുന്നു. ഇന്ന് എനിക്ക് 58 വയസ്, മൂന്ന് ബസുകള്‍ ഒഴികെ ബാക്കിയെല്ലാം വിറ്റു. 300ല്‍ കൂടുതല്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. ഒരു പുരുഷായുസിലെ എന്റെ അധ്വാനം മുഴുവന്‍ പാഴായി. കണ്ണൂരിലെ ഗീത ട്രാന്‍സ്പോര്‍ട്ട് ഉടമ പ്രദീപന്റെ വാക്കുകളാണിത്.

കണ്ണൂര്‍ കേന്ദ്രീകരിച്ച് ദീര്‍ഘദൂര സര്‍വീസ് നടത്തിയിരുന്ന ബസ് ഉടമയാണ് പ്രദീപന്‍. സ്വകാര്യ ബസ് വ്യവസായ രംഗത്തെ ഒരു സംരംഭകന്റെ മാത്രം കഥയല്ല ഇത്. ഒരുകാലത്ത് 32,000ത്തോളം സ്വകാര്യ ബസുകള്‍ കേരളത്തിലെ നിരത്തുകളില്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഏഴായിരത്തിന് മുകളില്‍ ബസുകള്‍ മാത്രം. ലോകമെമ്പാടും പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുന്ന കാലത്ത്, കേരളത്തിലെ കുഗ്രാമങ്ങളിലെ റോഡുകള്‍ പോലും മെക്കാഡം ടാറിംഗ് നടത്തി ഉന്നത നിലവാരത്തിലെത്തിയ നാളുകളില്‍ സ്വകാര്യ ബസ് വ്യവസായം കട്ടപ്പുറത്താണ്. 43 ബസുകള്‍ സ്വന്തമായുണ്ടായ ബസ് മുതലാളി ജീവിക്കാന്‍ വേണ്ടി ചെറിയ തുണിക്കട തുറന്നതും കേരളത്തിലാണ്.
സംഭവിച്ചത് എന്ത്?
''സര്‍ക്കാര്‍ നിശ്ചയിച്ച റൂട്ടിലും നിരക്കിലും സര്‍ക്കാരില്‍ നിന്നും ഒരു സഹായവും തേടാതെ സര്‍വീസ് നടത്തുന്നവയാണ് സ്വകാര്യ ബസുകള്‍.
പക്ഷേ സര്‍ക്കാരും പൊതുസമൂഹവും ഇതുപോലെ എതിര്‍ക്കുന്ന മറ്റൊരു മേഖല കാണില്ല''-ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പറയുന്നു. എല്ലാത്തരത്തിലുമുള്ള ചെലവുകള്‍ കുത്തനെ കൂടിയിട്ടും ടിക്കറ്റ് നിരക്ക് ഉയര്‍ത്താനാവാതെ വന്നതോടെ ബസ് ഉടമകള്‍ സര്‍വീസുകള്‍ ഉപേക്ഷിച്ചു തുടങ്ങി.
''കേരളത്തിലെ സ്വകാര്യ ബസ് സംവിധാനം ചാവുന്നതല്ല, നമ്മള്‍ കൊല്ലുന്നത് കൂടിയാണ്. അനാവശ്യമായ നിയന്ത്രണങ്ങളാണ് ഇവര്‍ക്ക്. ലോകത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ - സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ പൊതുഗതാഗതമായിരുന്നു കേരളത്തിലെ സ്വകാര്യ ബസുകള്‍'' - യു.എന്‍ ഉദ്യോഗസ്ഥനും സാമൂഹ്യ നിരീക്ഷകനുമായ മുരളി തുമ്മാരുകുടി പറയുന്നു.
കോവിഡിന് മുമ്പേ കേരളത്തിലെ സ്വകാര്യ ബസ് വ്യവസായ മേഖല പ്രതിസന്ധിയിലായിരുന്നു. റൂട്ടുകള്‍ ദേശസാല്‍ക്കരിച്ചതും ബസ് വ്യവസായ രംഗത്തെ ചെലവുകള്‍ കൂടിയതും വേതന നിരക്ക് വര്‍ധിച്ചതുമെല്ലാം വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു.
വരവും ചെലവും
ഒരു സ്വകാര്യ ബസിനെ ആശ്രയിച്ച് പ്രത്യക്ഷമായി 6-8 തൊഴിലാളികളുണ്ടാകും. ഒരു ബസ് മൂന്നുമാസം കൂടുമ്പോള്‍ ശരാശരി 38,000 രൂപ നികുതിയായി അടയ്ക്കണം. സര്‍വീസ് നടത്താന്‍ പ്രതിദിനം 100 ലിറ്റര്‍ ഡീസല്‍ അടിക്കേണ്ട ബസിന് ആ ഇനത്തില്‍ മാത്രം ചെലവ് 10,000 രൂപയ്ക്കടുത്താണ്. കൂടാതെ ഇന്‍ഷുറന്‍സ് ഇനത്തില്‍ പ്രതിവര്‍ഷം 80,000-1,00,000 രൂപ വരെ വേണം. ബസ് ഡ്രൈവര്‍ക്ക് പ്രതിദിനം വേതനം 1,200- 1,300 രൂപയോളമാണ്.
''ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 56 ശതമാനവും വിവിധ നികുതികളല്ലേ? ത്രൈമാസ നികുതി, വാര്‍ഷികാടിസ്ഥാനത്തിലെ ഇന്‍ഷുറന്‍സ് തുക എല്ലാം കൂടി നോക്കുമ്പോള്‍ ഒരു ദിവസം ഒരു സ്വകാര്യ ബസ് സര്‍വീസ്‌നടത്തിയാല്‍ 6,700 രൂപയോളം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്'' -കെ. രാധാകൃഷ്ണന്‍ പറയുന്നു.
മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റങ്ങള്‍ മുതല്‍ ബസ് റൂട്ട് പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വരെ സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിച്ചു.
''140 കിലോമീറ്ററിലധികമുള്ള സ്വകാര്യ ബസ് പെര്‍ മിറ്റുകള്‍ റദ്ദാക്കിയതോടെ ഞങ്ങളുടെ ഏതാണ്ടെല്ലാ സര്‍വീസുകളും നിലച്ചു. കെ.എസ്.ആര്‍.ടി.സിക്ക് ലാഭമുണ്ടാക്കാന്‍ റൂട്ടുകള്‍ പിടിച്ചെടുക്കലല്ല വേണ്ടത്''- പ്രദീപന്‍ പറയുന്നു.
അശാസ്ത്രീയ റൂട്ട് നിര്‍ണയവും സമയക്രമീകരണവും മത്സരയോട്ടത്തിനും പ്രതിസന്ധിക്കും ഇടയാക്കിയെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഒട്ടുമുക്കാലും റോഡപകടങ്ങളുടെ പ്രതിസ്ഥാനത്ത് സ്വകാര്യ ബസുകള്‍ കൂടി വന്നതോടെ പൊതുസമൂഹത്തിന്റെ രോഷവും ഇവര്‍ക്കെതിരായി.
ഇരുമ്പ് വിലയ്ക്ക് തൂക്കി വില്‍പ്പന
ദീര്‍ഘദൂര പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കപ്പെട്ടതോടെ 140 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തിയിരുന്ന പല ബസുകളും കിട്ടിയ വിലയ്ക്ക് വില്‍പ്പന നടത്തേണ്ടി വന്നുവെന്ന് ബസുടമകള്‍ പറയുന്നു. പലരും അപേക്ഷ നല്‍കി കാത്തിരുന്നു. ഒടുവില്‍ പെര്‍മിറ്റ് കിട്ടാതെ വന്നതോടെ ഇരുമ്പ് വിലക്ക് വില്‍ക്കേണ്ട ഗതി വന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഹൈവേ വഴി സര്‍വീസ് നടത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ മുതല്‍ സ്വകാര്യ ബസ് റൂട്ടുകളുടെ കാര്യത്തില്‍ കര്‍ശന ചട്ടങ്ങളും നിലവിലുണ്ട്. ബസ് കട്ടപ്പുറത്താണെങ്കിലും പ്രതിദിനം നികുതിയിനത്തില്‍ 2,100 രൂപയോളം സര്‍ക്കാരിന് നല്‍കണം.
എന്ന് നിലയ്ക്കും?
ഈ നിലയ്ക്ക് പോവുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും കേരളത്തില്‍ സ്വകാര്യ ബസുകള്‍ കാണില്ലെന്ന പ്രവചനമാണ് മുരളി തുമ്മാരുകുടി നടത്തുന്നത്. ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍ ഇവയൊക്കെയാണ്.
സര്‍ക്കാര്‍ നിരക്കില്‍ ബസ് സര്‍വീസ് നടത്തുന്ന സ്ഥിതിക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കാനെങ്കിലും തയാറാവുക. ഇതിന് സാധിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയെങ്കിലും ആക്കുക.
റൂട്ടും സമയക്രമവും ശാസ്ത്രീയമായി പുനര്‍നിര്‍ണയിക്കുക.
സ്വകാര്യ - പൊതുമേഖലയ്ക്ക് സഹവര്‍ത്തിത്വത്തോടെ നിലനിന്ന് പോകാന്‍ പാകത്തിലുള്ള ചട്ടങ്ങളുണ്ടാക്കുക.
സ്വകാര്യ സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നത് അതിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കൂച്ചുവിലങ്ങ് ഇടാതിരിക്കുമ്പോഴാണ്. മാറിയ സാഹചര്യത്തില്‍ കൂടുതല്‍ നല്ല വാഹനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ഫ്‌ളെക്‌സിബ്ള്‍ ആയ ടിക്കറ്റ് റേറ്റിങ്ങും റൂട്ട് പ്ലാനിങ്ങും നടത്താനുള്ള സ്വാതന്ത്ര്യം കൊടുത്താല്‍ ഇനിയും സ്വകാര്യ ബസ് സംവിധാനങ്ങള്‍ക്ക് കേരളത്തില്‍ വലിയ ഭാവി ഉണ്ട്. - മുരളി തുമ്മാരുകുടി, യു.എന്‍ ഉദ്യോഗസ്ഥന്‍, സാമൂഹ്യ നിരീക്ഷകന്‍
കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഒരു ബസില്‍ നിന്ന് ഒരു ദിവസം ശരാശരി 6,700 രൂപയോളം സര്‍ക്കാരിന് വിവിധയിനത്തില്‍ ലഭിക്കുന്നുണ്ട്. അത്രപോലും കളക്ഷന്‍ പല ബസുകള്‍ക്കും ലഭിക്കാറില്ല. - കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍
140 കിലോമീറ്ററിലധികമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയതോടെ ഞങ്ങളുടെ ഏതാണ്ടെല്ലാ സര്‍വീസുകളും നിലച്ചു. കെ.എസ്.ആര്‍.ടി.സിക്ക് ലാഭമുണ്ടാക്കാന്‍ റൂട്ടുകള്‍ പിടിച്ചെടുക്കലല്ല വേണ്ടത് - പ്രദീപന്‍ ഒ, ഗീത ട്രാന്‍സ്‌പോര്‍്ട്ട് ഉടമ, കണ്ണൂര്‍


Tags:    

Similar News