റെയില്‍വേയുടെ സാമ്പത്തിക നില ശോചനീയം: സിഎജി

Update: 2019-12-03 06:51 GMT

വരുമാനവും ചെലവുമായുള്ള വ്യത്യാസം ഉയര്‍ന്നും പ്രവര്‍ത്തന ക്ഷമത താഴ്ന്നും ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലെ അവസ്ഥ പരിതാപകരമെന്ന് വെളിപ്പെടുത്തുന്ന കണക്കുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം (ഓപ്പറേറ്റിങ് റേഷ്യോ) 2017-18 ല്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയായ 98.44 ശതമാനത്തില്‍ എത്തിയെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.

വരുമാനവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ് പ്രവര്‍ത്തന അനുപാതം അഥവ ഓപ്പറേറ്റിങ് റോഷ്യോ. 100 രൂപ വരുമാനമുണ്ടാകുമ്പോള്‍ റെയില്‍വേയ്ക്ക് 98.44 രൂപ ചെലവഴിക്കേണ്ടിവരുന്നു. സിഎജി കണക്ക് പ്രകാരം 2017-18 കാലത്ത് ഇന്ത്യന്‍ റെയില്‍വേ 1,665.61 കോടിയുടെ മിച്ച വരുമാനമാണുണ്ടാക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66.10 ശതമാനം കുറവാണിത്.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ  എന്‍ടിപിസി, ഐആര്‍സിഒഎന്‍ എന്നിവയില്‍നിന്ന് ചരക്കുകൂലി ഇനത്തില്‍ ലഭിച്ച മുന്‍കൂര്‍ തുകകൂടി ഇല്ലായിരുന്നെങ്കില്‍ 5,676.29 കോടിയുടെ നഷ്ടമുണ്ടാകുമായിരുന്നു. അപ്പോഴുണ്ടാകുമായിരുന്ന വരവ് ചെലവ് അനുപാതം 102.66 ശതമാനം.

2015-2016 മുതല്‍ 2017-2018 വരെ 16.5 കോടി മുതിര്‍ന്ന പൗര യാത്രക്കാര്‍ക്ക് യാത്രാ തുക ഇളവിനത്തില്‍  3,894 കോടി രൂപ നല്‍കിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരം യാത്രക്കാരുടെ എണ്ണം 2015-2016 ലെ 5.1 കോടിയില്‍ നിന്ന് 2017-2018 ല്‍ 5.9 കോടിയായി ഉയര്‍ന്നു.  ഇളവ് 1,194 കോടിയില്‍ നിന്ന് 1,411.23 കോടി രൂപയായും വര്‍ദ്ധിച്ചു. മിക്കവരും എസി ക്ലാസുകളിലാണ് ഇളവ് നേടിയതെന്ന കാര്യം സിഎജി പ്രത്യേകം എടുത്തുപറയുന്നു.സൗജന്യങ്ങളുടെ ആധിക്യമാണ് റെയില്‍വേയുടെ കിതപ്പിനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന നിരീക്ഷണവുമുണ്ട് റിപ്പോര്‍ട്ടില്‍.

നിലവില്‍ ദൈനംദിന പ്രവര്‍ത്തന ചെലവുകള്‍ക്ക് തുക കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് റെയില്‍വേ. റെയില്‍വേയുടെ ചരക്ക് ഗതാഗതത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും യാത്രാ സര്‍വീസുകളില്‍നിന്നുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്നു. പുറമെനിന്നുള്ള വലിയ സാമ്പത്തിക സഹായം ആവശ്യമായിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News