സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ ചെവിക്കു പിടിച്ച് ആര്‍.ബി.ഐ, ഓഹരികള്‍ ഇടിവില്‍
ബാങ്കുകളും എന്‍.ബി.എഫ്‌സികളും വായ്പാ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നു
സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്ന ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും (NBFCs) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ് ബാങ്ക്. ആര്‍.ബി.ഐ പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട നയങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിച്ച് പൊരുത്തക്കേടുകളുണ്ടോ എന്ന് പരിശോധിക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തു.
സ്വര്‍ണാഭരണ വായ്പയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നടത്തിയ സമീപകാല അവലോകനത്തില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
സ്വര്‍ണത്തിന്റെ ലോണ്‍ ടു വാല്യു, വായ്പാ തുകയുടെ പരിധി, സ്വര്‍ണത്തിന്റെ തൂക്കം കണക്കാക്കുന്നത്, സ്വര്‍ണത്തിന്റെ , പണയ സ്വര്‍ണത്തിന്റെ ലേലം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പരിശുദ്ധി അളക്കുന്നത്
ഔട്ട്സോഴ്സ് ചെയ്യുന്ന കാര്യങ്ങളിലും മൂന്നാം കക്ഷി സേവന ദാതാക്കളുടെ ഇടപെടലുകളിലും മതിയായ നിയന്ത്രണങ്ങള്‍ ഉറപ്പാക്കണമെന്ന് നോട്ടീസ് വഴി വായ്പാ സ്ഥാപനങ്ങളോട് ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകള്‍ കൈക്കൊള്ളുന്ന നടപടികളെ കുറിച്ച് നോട്ടീസ് കിട്ടി മൂന്നു മാസത്തിനുള്ളില്‍ ആര്‍.ബി.ഐയുടെ സീനിയര്‍ സൂപ്പര്‍വൈസറി മാനേജര്‍മാരെ (എസ്.എസ്.എം) അറിയിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ സ്വര്‍ണ വായ്പാ ബിസിനസിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിനെ നിയമലംഘനങ്ങളുടെ പേരില്‍ ആര്‍.ബി.ഐ വിലക്കിയിരുന്നു.
ഓഹരികള്‍ ഇടിവില്‍
റിസര്‍വ് ബാങ്കിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവ രാവിലെ മൂന്നര ശതമാനം വരെ താഴ്ന്നു. എന്നാല്‍ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് നാലു ശതമാനത്തിലധികം ഉയര്‍ന്നു.