റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ജിഎസ്ടി ആശ്വാസം പരിഗണനയിൽ

Update: 2019-02-09 10:42 GMT

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ജിഎസ്ടി ഭാരം കുറക്കാനുള്ള നിർദേശങ്ങൾ സംസ്ഥാന ധനമന്ത്രിമാർ (GoM) മുന്നോട്ട് വെക്കും. നിർമാണത്തിലിരിക്കുന്ന വീടുകൾക്കുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന നിർദേശമാണ് ജിഎസ്ടി കൗൺസിലിന് മുന്നിൽ വെക്കാൻ പോകുന്നത്.

ഇതിൽത്തന്നെ അഫോഡബിൾ ഹൗസിംഗ് പ്രോജക്ടുകൾക്ക് 8 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിലേക്ക് നികുതി കുറയ്ക്കണമെന്ന ശുപാർശയും ഉണ്ട്. നികുതി കുറക്കുമ്പോൾ ബിൽഡർമാർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടി നടപ്പിലായപ്പോൾ ലഭിച്ച നികുതിയിളവ് ആനുകൂല്യം ബിൽഡർമാർ ഉപഭോക്താക്കൾക്ക് കൈമാറിയില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. നികുതിഘടനയിൽ വരുന്ന പുതിയ മാറ്റം ഈ രീതിയ്ക്ക് മാറ്റം വരുത്തും.

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള GoM വരുന്ന ആഴ്ച ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കും. ധനമന്ത്രി തോമസ് ഐസക്കും ഇതിൽ അംഗമാണ്.

എന്നാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സൗകര്യം ഇല്ലാതാകുന്നത് അടിസ്ഥാന വില ഉയരാൻ ഇടയാക്കുമെന്നും അഭിപ്രായമുണ്ട്. നികുതി കുറയ്ക്കുന്നതിനൊപ്പം ഐടിസി കൂടി നൽകിയാൽ ഫലത്തിൽ ബിൽഡർമാർക്ക് നികുതി ഇല്ലാതാകും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

ജിഎസ്ടി വരുമാനം കുറയാൻ ഒരു കാരണം റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യമാണെന്ന് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി സൂചിപ്പിച്ചിരുന്നു. അതിനാൽ ജിഎസ്ടി കൗൺസിൽ ഇക്കാര്യത്തിൽ അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ.

ജിഎസ്ടി വരുന്നതിന് മുൻപ് നിർമാണത്തിലിരിക്കുന്ന ഹൗസിംഗ് പ്രോജക്ടുകൾക്ക് 4.5 ശതമാനം സർവീസ് ടാക്സ്, 1.5 ശതമാനം വാറ്റ് എന്നിവ നൽകണമായിരുന്നു. കൺസ്ട്രക്ഷൻ സാമഗ്രികൾക്ക് 12.5 ശതമാനം എക്സൈസ് ഡ്യൂട്ടിയും 12.5-14.5 ശതമാനം വാറ്റും ഈടാക്കുമായിരുന്നു.

Similar News