പണം കൊയ്യാം, വളരുന്ന സൗന്ദര്യ വിപണിയില്‍

ഏറ്റവും പുതിയ പഠനം പറയുന്നത് ഇന്ത്യയിലെ വീടുകളില്‍ ഒരു ബ്യൂട്ടി കെയര്‍ വിപ്ലവം തന്നെ നടക്കുന്നുണ്ടെന്നാണ്.

Update: 2023-09-24 04:45 GMT

Image : Canva

ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും ടോയ്‌ലറ്റില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് പരമാവധി കാണാനാവുക ഒരു സോപ്പ്, ഷാംപൂ, ഓയ്ല്‍, കുറച്ച് ക്രീമുകള്‍ എന്നിവയായിരിക്കും. എന്നാല്‍ ഒരു വിദേശിയുടെയോ പ്രവാസി ഇന്ത്യക്കാരന്റെയോ ടോയ്‌ലറ്റാണെങ്കില്‍ പല തരത്തിലുള്ള ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളാകും കാണുക.

ഏറ്റവും പുതിയ പഠനം പറയുന്നത് ഇന്ത്യയിലെ വീടുകളില്‍ ഒരു ബ്യൂട്ടി കെയര്‍ വിപ്ലവം തന്നെ നടക്കുന്നുണ്ടെന്നാണ്. ഈ മേഖലയില്‍ വന്‍തോതിലുള്ള വളര്‍ച്ച ഉണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. അതിവേഗം വളരുന്ന മധ്യവര്‍ഗവും ബഹുരാഷ്ട്ര കമ്പനികളുടെ വരവും പൊതുവായ സാമ്പത്തിക പുരോഗതിയും ഈ കുതിപ്പിന് കാരണമാണ്.
ഉയര്‍ന്ന വളര്‍ച്ച
പീക്ക് XV (മുമ്പ് സെകോയ കാപിറ്റല്‍ ഇന്ത്യ), എസ്.ഇ.എ എന്നിവയുമായി ചേര്‍ന്ന് റെഡ്സീര്‍ സ്ട്രാറ്റജി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്ന രാജ്യം ഇന്ത്യയാണ്. വാര്‍ഷിക വളര്‍ച്ച 10 ശതമാനം കൈവരിച്ച് ഇന്ത്യയുടേത് 2027ഓടെ 3,000 കോടി ഡോളറിന്റെ (രണ്ടരലക്ഷം കോടി രൂപ) വിപണിയാകുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ വളര്‍ച്ച ഏഴ് ശതമാനവും ഇന്‍ഡോനേഷ്യയുടേത് എട്ട് ശതമാനവും മാത്രമാകും. ചൈനീസ് വിപണി ഇപ്പോള്‍ തന്നെ ഏറെ വലുതാണ്.
ഇന്ത്യക്കാര്‍ കൂടുതല്‍ വാങ്ങുന്നു
ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ വിപണിയില്‍ ഇന്ത്യക്കാരന്റെ ആളോഹരി ചെലവിടല്‍ 14 ഡോളറാണ് (1,160 രൂപ). ചൈനയില്‍ ഇത് 38 ഡോളറും (3,150 രൂപ) യു.എസില്‍ 313 ഡോളറുമാണ് (26,000 രൂപ). എന്നാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ചുനാളായി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഓണ്‍ലൈന്‍ വിപണിയും വേഗത്തില്‍ വളരുകയാണ്. 2027 ഓടെ വിപണി 1,000 കോടി ഡോളറിന്റേതാകുമെന്നാണ് (83,000 കോടി രൂപ) പ്രതീക്ഷ. ''ഈ കാലഘട്ടത്തിന്റെ വ്യവസായമാണ് ബ്യൂട്ടി. വലിയ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ അത് തുറന്നിടുന്നു. ആളുകള്‍ കൂടുതലായി സൗന്ദര്യ വര്‍ധക, ആഡംബര ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നുണ്ട്'' -ഒരു വ്യവസായി പറയുന്നു. മികച്ച ഉല്‍പ്പന്നങ്ങളും ശരിയായ വിപണന തന്ത്രങ്ങളുമുണ്ടെങ്കില്‍ സംരംഭകര്‍ക്ക് നേട്ടമുണ്ടാക്കാവുന്ന, വളര്‍ന്നുവരുന്ന വ്യവസായ മേഖലയാണിത്.

(This article was originally published in Dhanam Magazine September 30th issue)

Tags:    

Similar News