'ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്' ഫ്യുച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി തുറന്നു പറയുന്നു

Update: 2020-10-15 06:15 GMT

ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഫ്യൂച്ചര്‍ ഗ്രൂപ്പ് സാരഥി കിഷോര്‍ ബിയാനി, തന്റെ റീറ്റെയ്ല്‍ ആസ്തികള്‍ റിലയന്‍സ് റീറ്റെയ്‌ലിന് വില്‍പ്പന നടത്തിയ ശേഷം ഇതാദ്യമായി പൊതുവേദിയെ അഭിമുഖീകരിച്ചപ്പോള്‍ വെളിപ്പെടുത്തിയത് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പതനത്തിലേക്ക് നയിച്ച കാര്യങ്ങളും അതില്‍ നിന്ന് പഠിച്ച പാഠങ്ങളും.

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തി ആഘാതവും കഴിഞ്ഞ ആറേഴ് വര്‍ഷത്തിനിടെ നടത്തിയ ഏറ്റെടുക്കലുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വില്‍പ്പനയിലേക്ക് വഴി വെച്ചതെന്ന്് ഫിജിറ്റല്‍ റീറ്റെയ്ല്‍ കണ്‍വെന്‍ഷനില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ സംസാരിക്കവേ കിഷോര്‍ ബിയാനി വെളിപ്പെടുത്തിയതാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

''ഞങ്ങളുടെ സ്‌റ്റോറുകള്‍ 3-4 മാസം പൂട്ടിയിടേണ്ട സാഹചര്യം വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. കോവിഡ് മൂലം അത് സംഭവിച്ചു. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷമുള്ള ആദ്യ 3 - 4 മാസത്തിനുള്ളില്‍ 7,000 കോടി രൂപ നഷ്ടം സംഭവിച്ചു. വില്‍പ്പന ഇല്ലെങ്കിലും വാടകയും പലിശയും കൊടുക്കേണ്ടി വന്നു. ഒരു കമ്പനിക്കും അത്ര വലിയ നഷ്ടത്തെ അതിജീവിക്കാന്‍ സാധിക്കില്ല,'' കിഷോര്‍ ബിയാനി പറയുന്നു.

കഴിഞ്ഞ ഏഴ് മാസം തന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന് വ്യക്തമാക്കിയ കിഷോര്‍ ബിയാനി അതില്‍ ഏറ്റവും വലിയ പാഠവും വെളിപ്പെടുത്തി. ''ദേശീയമായി ചിന്തിക്കുന്നതിനേക്കാള്‍ പ്രാദേശികമായി ചിന്തിക്കുക. ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഒരാള്‍ക്ക് അതിന്റെ എല്ലാ വിപണിയിലേക്കും കടന്നുചെല്ലാന്‍ സാധിക്കില്ല. ചെറുതാണ് മനോഹരമെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ കഴിഞ്ഞ 6-7 വര്‍ഷമായി നിരവധി ഏറ്റെടുക്കലുകള്‍ നടത്തി. അത് വലിയൊരു അബദ്ധമായിരുന്നു.'' കിഷോര്‍ ബിയാനി പറയുന്നു.

ഭാവിയില്‍ അവസരം ഇതിലാണ്

നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡാറ്റ എന്നിവ സംയോജിപ്പിച്ചുള്ള ഡിജിറ്റൈസേഷനാണ് ഭാവിയുള്ളത്.

ഡിജിറ്റൈസേഷനിലും കിഷോര്‍ ബിയാനി പിന്നിലായിരുന്നില്ല. അദ്ദേഹത്തിന്റെ 'തതാസ്തു' എന്ന പദ്ധതിയും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് സ്തംഭിച്ചുപോയിരുന്നു.

റീറ്റെയ്ല്‍ മേഖലയ്ക്ക് മുന്നിലെ വഴി അത്ര സുഗമമല്ലെന്ന് വ്യക്തമാക്കിയ കിഷോര്‍ ബിയാനി, റിലയന്‍സിന്‍ വില്‍പ്പന നടത്തിയ ശേഷം, ശേഷിക്കുന്ന ഫോര്‍മാറ്റുകളില്‍ ഓഫ്‌ലൈനും ഓണ്‍ലൈനും ചേര്‍ന്നുള്ള ബിസിനസ് മോഡല്‍ അവതരിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.

റിലയന്‍സ് റീറ്റെയ്ല്‍ ഏറ്റെടുക്കലുകളിലൂടെയും ഓഹരി വില്‍പ്പനയിലൂടെയും വളര്‍ച്ചയ്ക്കുള്ള പുതിയ പാഠങ്ങളാണ് ബിസിനസ് ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News