ഡോളറിലും ദിര്‍ഹത്തിലും രൂപയിലുമല്ല; റൂബിളില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ റിലയന്‍സ്
റഷ്യയുടെ റോസ്‌നെഫ്റ്റ് കമ്പനിയില്‍ നിന്നാണ് ക്രൂഡോയില്‍ വാങ്ങുക
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് റഷ്യയുടെ ക്രൂഡോയില്‍ വന്‍തോതില്‍ വാങ്ങാനൊരുങ്ങുന്നു. റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റുമായി ഇതിനുള്ള ധാരണാപത്രം റിലയന്‍സ് ഒപ്പുവച്ചു.
ഒരുവര്‍ഷത്തേക്ക് പ്രതിമാസം കുറഞ്ഞത് 30 ലക്ഷം ബാരല്‍ എണ്ണയാണ് റിലയന്‍സ് വാങ്ങുക. അതേസമയം, ഇന്ത്യന്‍ റുപ്പിക്ക് പകരം റഷ്യയുടെ കറന്‍സിയായ റൂബിളിലായിരിക്കും ഇടപാടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പുട്ടിന്റെ നിര്‍ദേശം
വ്യാപാര പങ്കാളികളുമായി റഷ്യ ഇപ്പോള്‍ പരമാവധി ഇടപാടുകള്‍ റൂബിളില്‍ നടത്താനാണ് ശ്രമിക്കുന്നത്. നേരത്തേ ഇടപാടുകള്‍ കൂടുതലും ഡോളറിലും യൂറോയിലുമായിരുന്നു.
എന്നാല്‍, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശ പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം കടുപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപരോധം ഏശാതിരിക്കാനായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ നിര്‍ദേശപ്രകാരം വ്യാപാരം റൂബിളിലാക്കാനുള്ള ശ്രമം.
ഡിസ്‌കൗണ്ട് എണ്ണ
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യാന്തര ക്രൂഡോയില്‍ വില കൂടുകയാണ്. റഷ്യയും സൗദി അറേബ്യയും നയിക്കുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ആകട്ടെ ജൂണില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തേക്കുമെന്ന സൂചനകളുണ്ട്. അങ്ങനെയുണ്ടായാല്‍ വില കൂടുതല്‍ ഉയരും.
അതേസമയം, ഡിസ്‌കൗണ്ട് നിരക്കില്‍ ക്രൂഡോയില്‍ ലഭ്യമാക്കാനാണ് റോസ്‌നെഫ്റ്റുമായി റിലയന്‍സിന്റെ കരാര്‍ എന്നറിയുന്നു. വിപണിവിലയേക്കാള്‍ ബാരലിന് 3 ഡോളര്‍ ഡിസ്‌കൗണ്ട് റിലയന്‍സിന് ലഭിച്ചേക്കും.
ഇന്ത്യയും റഷ്യന്‍ എണ്ണയും
ക്രൂഡോയില്‍ ഇറക്കുമതിയില്‍ ലോകത്ത് മൂന്നാംസ്ഥാ-നത്താണ് ഇന്ത്യ. ഉപഭോഗത്തിനുള്ള 85-90 ശതമാനം ക്രൂഡോയിലിനും ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുകയാണ്.
നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് ഇന്ത്യയും ചൈനയും. ഇന്ത്യയും ഡോളറിനെ കൈവിട്ട് ചൈനീസ് യുവാനിലും യു.എ.ഇ ദിര്‍ഹത്തിലും രൂപയിലുമാണ് റഷ്യക്ക് പണം നല്‍കുന്നത്. ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഡോളറില്‍ വ്യാപാരം ചെയ്യാന്‍ റഷ്യയ്ക്കാകില്ല. അതു മൂലം ദിര്‍ഹം ഉള്‍പ്പെടെയുള്ള കറന്‍സികളിലേക്ക് ഇന്ത്യ മാറുകയായിരുന്നു. രൂപയില്‍ പണം സ്വീകരിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും റഷ്യ മടിച്ചു.