മുകേഷ് അംബാനി ഗൃഹോപകരണ വിപണിയും പിടിച്ചടക്കുമോ? 'ജിയോഫോണ്‍' വിജയം ആവര്‍ത്തിക്കാന്‍ വരുന്നൂ വൈസര്‍
ലക്ഷ്യം മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മേധാവിത്തം തകര്‍ക്കല്‍
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ രംഗത്തെ വിദേശകമ്പനികളുടെ മേധാവിത്തം അവസാനിപ്പിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വൈസര്‍ (Wyzr) എന്ന മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡ് ഇറക്കാൻ ഒരുങ്ങുകയാണ് കമ്പനി.
ഇതിനായി ആഭ്യന്തര കോണ്‍ട്രാക്ട് മാനുഫാക്ചറിംഗ് കമ്പനികളായ ഡിക്‌സണ്‍ ടെക്‌നോളജീസ്, ഒനിഡ, മിര്‍ക് ഇലക്ട്രോണിക്‌സ് എന്നിവയുമായി ഉത്പാദന കരാര്‍ ഒപ്പുവയ്ക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തമായി ഉത്പന്ന വികസനവും നിര്‍മാണവും
ബ്രാന്‍ഡ് വപിണിയില്‍ സ്വീകര്യതനേടിയശേഷം അധികം വൈകാതെ തന്നെ സ്വന്തം ഉത്പാദന കേന്ദ്രം തുറക്കുമെന്നാണ് സൂചന. അടുത്തിടെ റിലയന്‍സിന്റെ റീറ്റെയ്ല്‍ ഡിവിഷന്‍ വൈസര്‍ ബ്രാന്‍ഡില്‍ എയര്‍ കൂളറുകള്‍ അവതരിപ്പിച്ചിരുന്നു. ടെലിവിഷന്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷ്ണറുകള്‍, എല്‍.ഇ.ഡി ബള്‍ബുകള്‍, ചെറിയ ഗൃഹോപകരണങ്ങള്‍ എന്നിവയും ബ്രാന്‍ഡിനു കീഴില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യം.
ഉത്പന്നങ്ങള്‍ സ്വന്തമായി വികസിപ്പിച്ച്, രൂപകല്‍പ്പന നടത്തി വിദേശ ബ്രാന്‍ഡുകളോട് ഏറ്റുമുട്ടാനാണ് റിലയന്‍സ് ഉദ്ദേശിക്കുന്നത്. മുന്‍പ് റികണക്ട് എന്ന ബ്രാന്‍ഡില്‍ മറ്റ് കമ്പനികളുടെ ഉത്പന്നങ്ങള്‍ റിലയന്‍സ് വിറ്റഴിച്ചിരുന്നെങ്കിലും അത്ര വിജയകരമായിരുന്നില്ല.
റിലയന്‍സിന്റെ ഡിജിറ്റല്‍ സ്റ്റോറുകളിലൂടെയും സ്വതന്ത്ര ഡീലര്‍മാരിലൂടെയും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും വൈസര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ബി2ബി വിതരണം നടത്തുന്ന ജിയോമാര്‍ട്ട് ഡിജിറ്റല്‍ വഴിയാകും മറ്റ് സ്‌റ്റോറുകളില്‍ ഉത്പന്നം എത്തിക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജിയോമാര്‍ട്ട് ഡിജിറ്റലിന്റെ വ്യാപാരികളുടെ എണ്ണം 20 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ജിയോഫോണിന്റെ വിജയം ആവര്‍ത്തിക്കാന്‍
നിലവില്‍ ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയില്‍ മുന്‍നിരയിലുള്ള എല്‍.ജി, സാംസംഗ്, വേള്‍പൂള്‍ എന്നിവയേക്കാള്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് വൈസര്‍ ബ്രാന്‍ഡ് വഴി ലക്ഷ്യമിടുന്നത്. നിലവില്‍ എ.സി വിപണിയില്‍ ടാറ്റയുടെ ബ്രാന്‍ഡായ വോള്‍ട്ടാസ് മുന്നിലാണെങ്കിലും തൊട്ടു പിന്നില്‍ എല്‍.ജി, ഡെയ്കിന്‍ തുടങ്ങിയ വിദേശ ബ്രാന്‍ഡുകളാണുള്ളത്.
മുന്‍പ് ഫീച്ചര്‍ ഫോണുകളിലെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ മേധാവിത്വം ജിയോഫോണ്‍ ഇറക്കി റിലയന്‍സ് തകര്‍ത്തിരുന്നു, ഈ വിജയം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും ആവര്‍ത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
2022ല്‍ റിലയന്‍സ് യു.എസ് മാനുഫാചറിംഗ് സൊല്യൂഷന്‍സ് കമ്പനിയായ സാന്‍മിനയെ 1,670 കോടി രൂപ മുതല്‍മുടക്കി ഏറ്റെടുത്തിരുന്നു. ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായിരുന്നു ഇത്. ചൈന്നെയില്‍ 100 ഏക്കര്‍ വരുന്ന കാംപസ് സാന്‍മിനയ്ക്കുണ്ട്. ഇവിടെ വൈസര്‍ ഉത്പന്നങ്ങള്‍ക്കായുള്ള പ്ലാന്റ് സ്ഥാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.