അരാംകോയ്ക്കും റിലയന്‍സ് ഓഹരി വില്‍ക്കാനുള്ള നീക്കം സജീവമാക്കി അംബാനി

Update: 2020-06-24 11:01 GMT

മെഗാ ഓഹരി വില്‍പ്പനയും റൈറ്റ്‌സ് ഇഷ്യുവും വഴി 1.68 ലക്ഷം കോടി രൂപ സമാഹരിച്ച ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 1500 കോടി ഡോളറിന്റെ ഓഹരി വില്പന നടത്താന്‍ സൗദി അരാംകോയുമായുള്ള ആശയവിനിമയം സജീവമാക്കിയതായി റിപ്പോര്‍ട്ട്. നേരത്തെ നടന്ന ചര്‍ച്ചകളുടെ അനുബന്ധമായി സൗദി അരാംകോയാണ് ചര്‍ച്ച പുനരാരംഭിക്കാന്‍ മുന്‍കയ്യെടുത്തതെന്നാണ് സൂചന.

ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബഡാല, എഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നിവയുള്‍പ്പെടെയുള്ള ആഗോള നിക്ഷേപകര്‍ ജിയോ പ്ലാറ്റ്ഫോമുകളില്‍ 1.15 ലക്ഷം കോടി രൂപ നിക്ഷേപിച്ചതോടെ കടരഹിത കമ്പനിയാകാന്‍ കഴിഞ്ഞിട്ടുണ്ട് റിലയന്‍സിന്. ഭാവിയില്‍ കൂടുതല്‍ അഭിലഷണീയമായ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന് ഇക്കാര്യം പ്രഖ്യാപിക്കവേ അംബാനി നിക്ഷേപകരെ അറിയിച്ചിരുന്നു.

രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശനിക്ഷേപക സ്ഥാപനങ്ങളില്‍നിന്നുള്‍പ്പടെ ചുരുങ്ങിയകാലയളവില്‍ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തില്‍, ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനികളുടെ പട്ടികയില്‍ 106-ാം സ്ഥാനമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. ഫോബ്സ് പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമതും ആഗോളതലത്തില്‍ 71-ാമത്തെ സ്ഥാനവും.പുതിയ നീക്കങ്ങളോടെ ഈ പട്ടികകളില്‍ ഉയര്‍ന്ന റാങ്ക് ഉറപ്പാക്കാനുള്ള നീക്കം പുരോഗമിക്കുന്നതായാണു സൂചന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News