റെറ മൂന്നു വര്‍ഷത്തിനിടയില്‍ തീര്‍പ്പാക്കിയത് അരലക്ഷത്തോളം കേസുകള്‍

Update: 2020-07-14 12:46 GMT

വീടുവാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയുമായി റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തീര്‍പ്പാക്കിയത് 48,556 കേസുകള്‍. പ്രോജക്റ്റുകള്‍ വൈകുന്നതിലൂടെ ഉപഭോക്താവിന് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായുള്ളതാണ് ഇവ. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ആകെ തീര്‍പ്പായ കേസുകളില്‍ 57 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് എന്നതും ശ്രദ്ധേയമാണ്.

കേസുകള്‍ തീര്‍പ്പാക്കിയതില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ 18509 കേസുകളാണ് യുപി റെറ അധികൃതര്‍ തീര്‍പ്പുകല്‍പ്പിച്ചത്. 9919 കേസുകള്‍ തീര്‍പ്പാക്കിയ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര 7883 കേസുകള്‍ ഇതിനകം തീര്‍പ്പാക്കി.

റെറയില്‍ രജിസ്റ്റര്‍ ചെയ്ത പ്രോജക്റ്റുകളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധന ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. 53,364 പ്രോജക്റ്റുകളാണ് രാജ്യത്ത് ഇതു വരെയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ് ഇതില്‍ 85 ശതമാനവും. 25,604 പ്രോജക്റ്റുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. ഏജന്റ് രജിസ്‌ട്രേഷന്റെ കാര്യത്തി 20 ശതമാനം വളര്‍ച്ചയുണ്ടായി. 2020 ജൂലൈ വരെ 41143 ഏജന്റുമാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News