സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപകര്‍ക്ക് ഇനി നേരിട്ട് നിക്ഷേപം നടത്താം; നേട്ടങ്ങളെന്തെല്ലാം?
സര്‍ക്കാര്‍ സെക്യൂരിറ്റീസ് വിപണികളിലേക്ക് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇത്തരത്തില്‍ നിക്ഷേപിക്കാം. അറിയേണ്ട കാര്യങ്ങള്‍.
ഘടനാപരമായ പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രാഥമികവും ദ്വിതീയവുമായ സര്‍ക്കാര്‍ സെക്യൂരിറ്റീസ് വിപണികളിലേക്ക് റീറ്റെയില്‍ നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ ചെറുകിട നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇനി നേരിട്ട് നിക്ഷേപിക്കാം. അതിനുള്ള സൗകര്യമൊരുക്കാനുള്ള നയമാണ് പ്രഖ്യാപിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
നിക്ഷേപകന് കമ്പനി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതുപോലെ തന്നെ ഇഷ്യു സമയത്തും അതിനുപുറമെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍വഴിയും ഇടപാട് നടത്താനുള്ള വഴിയാണ് ഒരുങ്ങുക. നിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോം 'റീറ്റെയ്ല്‍ ഡയറക്ട്' എന്ന പേരിലായിരിക്കും നിക്ഷേപ മാര്‍ഗവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും അറിയപ്പെടുക. പുതിയ നയം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ ഉടനെ പുറത്തിറക്കും.
വിദേശരാജ്യങ്ങളിലേതുപോലെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യയെന്നും ആര്‍ബിഐ മേധാവി വിശദമാക്കി.
നിക്ഷേപകന് എങ്ങനെ നേട്ടമാകും?
സ്ഥിരനിക്ഷേപങ്ങളിലേക്ക് മാത്രം ഒതുങ്ങുന്ന രാജ്യത്തെ ഒരു വലിയ വിഭാഗം നിക്ഷേപകരെ കൂടുതലും ഡെറ്റ് ഫണ്ടുകളിലേക്കും മറ്റും ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ നയം തന്നെ ആയി ഇതിനെ കാണാമെന്ന് ഓഹരി വിപണി വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍ പറയുന്നു. രാജ്യത്ത് ഇപ്പോഴും ആര്‍ഡി, എഫ്ഡി പോലുള്ള പരമ്പരാഗത നിക്ഷേപങ്ങളില്‍ മാത്രം ഒതുങ്ങുന്ന നിരവധി നിക്ഷേപകരുണ്ട്. ഇവരെ സെക്യൂരിറ്റി വിപണിയിലേക്ക് എത്തിക്കാനുള്ള നീക്കമായി ഇതിനെ കാണാം. ഒപ്പം രാജ്യത്ത് വരാനിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളിലുള്‍പ്പെടെയുള്ള വന്‍ പദ്ധതികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു.
എഫ്ഡിയെക്കാള്‍ കുറച്ചു കൂടി റിട്ടേണ്‍ കൂടുതല്‍ ലഭിക്കുന്നു എന്നതാണ് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പ്രധാന ആകര്‍ഷക ഘടകം. ഓഹരി വിപണിയില്‍ നിന്നും 300 ശതമാനം വരെ ലാഭം നേടിയ സാഹചര്യങ്ങളുണ്ടായിരുന്നെങ്കിലും റീറ്റെയ്ല്‍ നിക്ഷേപകനെ സംബന്ധിച്ച് റിസ്‌കുകള്‍ കൂടുതലാണ്. 'ഗ്യാരന്റീഡ്' അഥവാ ഉറപ്പായ റിട്ടേണ്‍ ലഭിക്കാന്‍ വിവിധ ബോണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന സര്‍ക്കാര്‍ സെക്യൂരിറ്റീസിന് കഴിയും, അദ്ദേഹം വിശദമാക്കുന്നു.
ബാങ്ക് ഡെപ്പോസിറ്റുകളില്‍ നിന്നുള്ള പലിശനിരക്ക് ക്രമേണ നാല് ശതമാനമായി കുറഞ്ഞുവരാനുള്ള സാധ്യതകള്‍ മുന്നില്‍ നില്‍ക്കേ മികച്ച റിട്ടേണ്‍ ലഭിക്കുന്ന പദ്ധതിയായി ഇതിനെ പരിഗണിക്കാം. പണപ്പെരുപ്പം മുന്നില്‍ കണ്ടുകൊണ്ടുള്ള നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗവുമാണ് ഇത്. ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ എത്തുമ്പോള്‍ ഇന്ത്യയുടെ സമ്പദ് ഘടനയ്ക്ക് തന്നെ അത് കരുത്തു പകരുമെന്നതും ഉറപ്പ്. മ്യൂച്വല്‍ ഫണ്ടിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനുളള ക്യാമ്പെയിനുകളുടെ ഫലമായാണ് എസ്‌ഐപി നിക്ഷേപകര്‍ കൂടിയതും ഫണ്ട് ഒഴുക്ക് വന്നതും. നമ്മുടെ ജനസംഖ്യ തന്നെയാണ് നമ്മുടെ കരുത്ത്. വലിയൊരു വിഭാഗം ജനങ്ങള്‍ ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലേക്ക് ഭാവിയില്‍ വരാനുള്ള ഒരു സംസ്‌കാരം കൂടെയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അദ്ദേഹം വ്യക്തമാക്കുന്നു.