അദാനിക്ക് തുണയായി ആഭ്യന്തര നിക്ഷേപകര്‍, വിദേശ നിക്ഷേപകര്‍ ചുവടുമാറ്റി

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപകര്‍ ആറ് കമ്പനികളിലെ നിക്ഷേപം കുറച്ചു

Update:2023-07-25 19:11 IST

Image : Gautam Adani (adani.com) /Canva

ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം കുത്തനെ ഇടിഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികള്‍ കരകയറി തുടങ്ങിയതോടെ ശക്തമായി തിരിച്ചെത്തി ചെറുകിട നിക്ഷേപകര്‍. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ അപേക്ഷിച്ച് മ്യൂച്വല്‍ഫണ്ടുകളും ചെറുകിട നിക്ഷേപകരും വിവിധ അദാനി കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.

അദാനി ഗ്രൂപ്പിലെ പത്തില്‍ ഏഴ് കമ്പനികളിലും മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപം ഉയര്‍ത്തിയപ്പോള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ അഞ്ച് കമ്പനികളിലാണ് നിക്ഷേപം കൂട്ടിയത്. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആറ് കമ്പനികളിലെ ഓഹരി വിഹിതം ഇക്കാലയളവില്‍ കുറച്ചു.
മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം
കഴിഞ്ഞ പാദത്തില്‍ എ.സി.സി, അദാനി എന്‍ര്‍പ്രൈസസ് എന്നിവയില്‍ 0.31% പങ്കാളിത്തമാണ് മ്യൂച്വല്‍ഫണ്ടുകള്‍ നേടിയത്. ജൂണ്‍ പാദത്തില്‍ അദാനി എന്റര്‍പ്രൈസിലെ നിക്ഷേപം മുന്‍ പാദത്തിലെ 0.87 ശതമാനത്തില്‍ നിന്ന് 1.18 ശതമാനമായി ഉയര്‍ന്നു. എ.സി.സിയിലെ നിക്ഷേപം 8.90 ശതമാനത്തില്‍ നിന്ന് 9.21 ശതമാനമാക്കി. തുടര്‍ച്ചയായ രണ്ടാം പാദമാണ് മ്യൂച്വല്‍ഫണ്ടുകള്‍ സിമന്റ് കമ്പനിയിലെ നിക്ഷേപം ഉയര്‍ത്തുന്നത്.
കഴിഞ്ഞ കുറച്ച് ത്രൈമാസങ്ങള്‍ക്ക് മുന്‍പ് വരെ തീരെ പരിഗണിക്കാതിരുന്ന അദാനി പവറില്‍ ഈ പാദത്തില്‍ മ്യൂച്വല്‍ഫണ്ടുകള്‍ 0.04% നിക്ഷേപം നടത്തി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയില്‍ യഥാക്രമം 0.11%, 0.13%, 0.14% എന്നിങ്ങനെ നിക്ഷേപം കൂട്ടിയിട്ടുണ്ട്.
എന്‍.ഡി.ടിവിയില്‍ കൂടുതല്‍ നിക്ഷേപം
ചെറുകിട നിക്ഷേപകര്‍ അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാസ്മിഷന്‍, എന്‍.ഡി.ടി.വി എന്നിവയിലെ ഓഹരി വിഹിതം ഇക്കാലയളവില്‍ വര്‍ധിപ്പിച്ചു. അദാനി ടോട്ടല്‍ ഗ്യാസിലെ ചില്ലറ നിക്ഷേപകരുടെ വിഹിതം 4.45 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടം നല്‍കിയ സമയത്താണ് നിക്ഷേപം കൂട്ടിയത്.
മാധ്യമസ്ഥാപനമായ എന്‍.ഡി.ടി.വിയിലെ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം 21.85% ആയി. ചെറുകിട സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് എന്‍.ഡി.ടി.വിയിലാണ്. അദാനി ട്രാന്‍സ്മിഷനിലെ നിക്ഷേപം കഴിഞ്ഞ പാദത്തില്‍ 2.36 ശതമാനമാക്കി ഉയര്‍ത്തി. എ.സി.സി, അദാനി വില്‍മര്‍ എന്നിവയിലെ നിക്ഷേപവും കൂട്ടി.
ചുവടുമാറ്റവുമായി വിദേശ നിക്ഷേപകര്‍
അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ചുവടുമാറ്റുന്ന കാഴ്ചയാണ് കഴിഞ്ഞ പാദത്തില്‍ കണ്ടത്. എ.സി.സി, അദാനി പോര്‍ട്‌സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ടോട്ടല്‍, അദാനി വില്‍മര്‍, എന്‍.ഡി.ടി.വി എന്നീ  ഓഹരികളിലെ നിക്ഷേപം എഫ്.പി.ഐകള്‍ കുറച്ചു.
എന്‍.ഡി.ടിവിയിലെ നിക്ഷേപം മുന്‍പാദത്തിലെ 3 ശതമാനത്തില്‍ നിന്ന് 0.02 ശതമാനമാക്കി. അദാനി പോര്‍ട്‌സിലെ നിക്ഷേപം 1% കുറച്ച് 16.99 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ നിക്ഷേപം 2.24% കുറച്ച് 14.08 ശതമാനവുമാക്കി.
അതേ സമയം അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയിലെ നിക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്. രാജീവ് ജെയ്ന്‍ നേതൃത്വം നല്‍കുന്ന ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് നിക്ഷേപം വര്‍ധിപ്പിച്ചതാണ് ഇരു കമ്പനികള്‍ക്കും ഗുണമായത്. ജൂണ്‍ അവാസനം ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സും കുറച്ച് വിദേശ നിക്ഷേപകരും ചേര്‍ന്ന് 100 കോടി ഡോളര്‍(8,000 കോടി രൂപ) നിക്ഷേപിച്ചിരുന്നു.
Tags:    

Similar News