മലേഷ്യയോട് പാമോയില്‍ പ്രതികാരം:മുതലെടുപ്പിന് അദാനി, പതഞ്ജലി

Update: 2020-01-25 06:58 GMT

മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിലൂടെ ലാഭക്കൊയ്ത്തിനു കളമൊരുങ്ങിയത് അദാനി, പതഞ്ജലി ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക്. ഈ കമ്പനികളെല്ലാം അവയുടെ ശേഷി വിനിയോഗിക്കാനാകാതെ വിഷമിക്കുകയായിരുന്നു.ഇനി ഇന്തോനേഷ്യയില്‍ നിന്നും മറ്റും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് വിപണിയിലെത്തിക്കുക ആദായകരമാകും.

ഭക്ഷ്യ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികളാണ് അദാനി വില്‍മര്‍, പതഞ്ജലി ആയുര്‍വേദ, ഇമാമി അഗ്രോടെക്, കാര്‍ഗില്‍, ഗോകുല്‍ ആഗ്രോ റിസോര്‍സസ് തുടങ്ങിയവ. പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയ  രുചി സോയ എന്ന കമ്പനിയെ ഈയടുത്താണ് പതഞ്ജലി ഏറ്റെടുത്തത്.

രാജ്യത്തെ ഭക്ഷ്യ എണ്ണ ശുദ്ധീകരണ ശാലകളുടെ ശേഷി വിനിയോഗം മുന്‍വര്‍ഷത്തെ 60 ശതമാനത്തില്‍ നിന്ന് 2019 ല്‍ 40 ശതമാനമായി  കുറഞ്ഞിരുന്നുവെന്ന് സോള്‍വന്റ് എക്സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്എഐഐ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.'വ്യവസായം മുഴുവന്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഇറക്കുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു,' അദ്ദേഹം ചൂണ്ടിക്കാട്ടി.

മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശുദ്ധീകരിച്ച പാം ഓയിലിന്റെ വില ഇന്ത്യയില്‍ ശുദ്ധീകരിച്ചതിനേക്കാള്‍ വളരെ കുറവായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യന്‍ കമ്പനികള്‍ മുടന്തി നീങ്ങുകയായിരുന്നു. ഇതിനിടെയാണ് പൗരത്വ ഭേദഗതി നിയമം, കശ്മീര്‍ വിഷയം എന്നിവയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിനുള്ള മറുപടിയായി ഇന്ത്യ  ഇറക്കുമതി നിയന്ത്രണം വരുത്തിയത്. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ വിട്ടുതരാതിരുന്ന മലേഷ്യയുടെ നിലപാടും വ്യാപാര ബന്ധം മോശമാകുന്നതിന് കാരണമായി.

ഇന്ത്യ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എണ്ണയില്‍ 45 ശതമാനവും പാമോയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് മലേഷ്യയാണ്.  ഇന്ത്യയിലേക്ക് ഏറ്റവുമധികം പാമോയില്‍ വിതരണം ചെയ്തിരുന്നതും മലേഷ്യ തന്നെ. ഇന്ത്യന്‍ വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് 2019 ല്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. പാമോയില്‍ ഉപഭോഗം ഉയര്‍ന്നതോടെ ആഭ്യന്തര ഉല്‍പ്പാദകരുടെ വിപണി വിഹിതം 2018 ല്‍ 60 ശതമാനമായിരുന്നത്, 2019 ല്‍ 40 ശതമാനമായി കുറഞ്ഞു. ഇന്ത്യന്‍ ഉല്‍പ്പാദകര്‍ അടച്ചുപൂട്ടല്‍ ഘട്ടത്തിലെത്തിയപ്പോഴാണ് കേന്ദ്രസര്‍ക്കാരും മലേഷ്യയും തമ്മിലുള്ള വ്യാപാര സൗഹൃദം മോശമായത്.

അതേസമയം ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് മാത്രമാണ് നിയന്ത്രണമുള്ളത്. അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതിക്ക് നിയന്ത്രണമില്ല. ഇന്ത്യയിലെ സംസ്‌കരണ കമ്പനികള്‍ക്ക് മലേഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് വില്‍ക്കാന്‍ ഇതിലൂടെ സാധിക്കും. 2018 ല്‍ മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാമോയില്‍ 6.50 ലക്ഷം ടണ്ണായിരുന്നു. ഇത് 2019 ല്‍ 26.6 ലക്ഷം ടണ്ണായി വര്‍ധിച്ചു. ഈ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ കയറ്റുമതി 1.87 ദശലക്ഷം ടണ്ണില്‍ നിന്ന് 1.75 ദശലക്ഷം ടണ്ണായി കുറഞ്ഞു. അസംസ്‌കൃത പാമോയില്‍ ഇന്ത്യയിലേക്ക് ഏറ്റവുമധികം വിതരണം ചെയ്യുന്നത് ഇന്തോനേഷ്യയാണ്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News