പ്രാദേശിക കച്ചവടക്കാര്‍ക്കും ഇനി ആമസോണിനെ കൂട്ടുപിടിച്ച് കച്ചവടം നടത്താം; വരാന്‍ പോകുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍

Update: 2020-04-25 09:19 GMT

ജിയോ മാര്‍ട്ട് സേവനങ്ങളോട് പൊരുതാന്‍ റീട്ടെയ്ല്‍ ഓണ്‍ലൈന്‍ ഭീമനായ ആമസോണും സജ്ജമാകുന്നതായി റിപ്പോര്‍ട്ട്. പ്രദേശിക കടകളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ എത്തിക്കാന്‍ 'ലോക്കല്‍ ഷോപ്സ് ഓണ്‍ ആമസോണ്‍' എന്ന പദ്ധതി ആമസോണ്‍ ഇന്ത്യയും തുടങ്ങിയിരിക്കുകയാണ്. പ്രാദേശിക കടക്കാരെ തങ്ങളുടെ സേവനപരിധിക്കുള്ളിലാക്കുന്ന റിലയന്‍സ് ജിയോ- ഫെയസ്ബുക്ക് കൂട്ടുകെട്ടിലെ ജിയോമാര്‍ട്ട് സേവനങ്ങളോട് മത്സരിക്കാനാണ് ആമസോണിന്റെയും പുറപ്പാട്. ആമസോണിന്റെ പ്രോഗ്രാമില്‍ ഇപ്പോള്‍ത്തന്നെ 5,000 ഓഫ്ലൈന്‍ റീട്ടെയ്ലര്‍മാരും കടക്കാരും ചേര്‍ന്നു കഴിഞ്ഞുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആമസോണിന്റെ പുതിയ നീക്കം ജിയോമാര്‍ട്ടിനു കടുത്ത ഭീഷണിയായിരിക്കും. മാത്രമല്ല ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ വില്‍പ്പനശാലയായ വാള്‍മാര്‍ട്ടിന് കീഴിലുള്ള ഫ്ളിപ്കാര്‍ട്ടിനും ആമസോണ്‍ ലോക്കല്‍ ഷോപ്‌സ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. കൂടുതല്‍, പ്രാദേശിക വില്‍പ്പനക്കാരോട് തങ്ങളോടൊപ്പം ചേരാനാണ് ആമസോണ്‍ ക്ഷണിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ സൗജന്യ സേവനങ്ങളടക്കം നല്‍കുന്നുണ്ട് ആമസോണ്‍.

ഈ പദ്ധതി അനുസരിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച നേട്ടമാണ് ലഭിക്കുക. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളിലോ, മിനിറ്റുകള്‍ക്കുള്ളിലോ സാധനം വീട്ടുപടിക്കല്‍ എത്തിക്കാനായിരിക്കും ആമസോണിന്റെ ലോക്കല്‍ ഷോപ്‌സ് ഓണ്‍ ആമസോണ്‍ ശ്രമിക്കുക. ലുലു, ബിസ്മി പോലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളോട് മത്സരിക്കാന്‍ പോന്ന തരത്തിലാകും ഇവരുടെ ഡെലിവറി സേവനങ്ങള്‍. എന്നാല്‍ 24 മണിക്കൂര്‍ ആഖും നോര്‍മല്‍ ഡെലിവറി എന്നും എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ലോക്കല്‍ ഷോപ്സ് ഓണ്‍ ആമസോണ്‍ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പ്രാദേശിക കടകള്‍ക്ക് ഒരു ലിങ്കും ആമസോണ്‍ നല്‍കുന്നു. https://amzn.to/2x3W9fU. ഈ ലിങ്ഖിലൂടെ സൗജന്യമായി ചേരാന്‍ കൂടുതല്‍ കച്ചവടക്കാര്‍ തയ്യാറാകുന്നുണ്ടെന്നും ആമസോണ്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഇതുവരെ ചെയ്തുവന്നത് തങ്ങളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍, തങ്ങളുടെ തന്നെ ഡെലിവറി വിഭാഗത്തിന്റെയോ, അതിനായി ചുമതലപ്പെടുത്തപ്പെട്ടവര്‍ മുഖേനയോ എത്തിച്ചു നല്‍കുക എന്നതായിരുന്നു. പുതിയ പദ്ധതിയി ല്‍ പ്രാദേശിക കടകള്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ കടകളിലിരിക്കുന്ന സാധനങ്ങളായിരിക്കും എത്തിച്ചു നല്‍കുക. ഇത്തരത്തില്‍ ഡിജിറ്റല്‍ ഷോപ്പിംഗ് ലോക്കലൈസേഷന്‍ വിജയകരമാകുകയാണെങ്കില്‍ രാജ്യത്തെ ഷോപ്പിംഗ് രംഗത്തു തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നേക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News