നാലു പതിറ്റാണ്ടിലെ ഏറ്റവും താഴെയെത്തി ഉപഭോക്തൃ ശേഷിയെന്ന് സര്‍വേ ഫലം

Update: 2019-11-15 12:12 GMT

രാജ്യത്ത് ഉപഭോക്തൃ ചെലവ് നാലു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്കു താഴ്ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ) റിപ്പോര്‍ട്ട്. ഒരാള്‍ പ്രതിമാസം ചെലവഴിക്കുന്ന തുകയിലുണ്ടായ ഇടിവ് നാല് ശതമാനത്തിനടുത്താണ്. ജൂലൈ 2017 നും 2018 ജൂണിനും ഇടയില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ ഉപഭോഗ ചെലവ് സര്‍വേയുടെ അടിസ്ഥാനത്തിലുളള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2017-18ല്‍ ഗ്രാമങ്ങളിലെ ഉപഭോക്തൃ ചെലവ് 8.8 ശതമാനം ഇടിഞ്ഞു. നഗരങ്ങളില്‍ ആറ് വര്‍ഷത്തിനിടെ ഇത് രണ്ട് ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചനയുമുണ്ട് റിപ്പോര്‍ട്ടില്‍. ഉപഭോഗച്ചെലവിലെ ഇടിവും ഗ്രാമീണ വിപണിയില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന ദാരിദ്ര്യത്തിന്റെ വ്യാപനവും സമ്പദ്വ്യവസ്ഥയിലെ കുറഞ്ഞ ഡിമാന്‍ഡിനെ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിലെ ഉപഭോഗം കുറയുന്നത് പട്ടിണി വര്‍ധിക്കുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്‍എസ്ഒ നടത്തിയ സര്‍വേയ്ക്ക് ശേഷമുള്ള റിപ്പോര്‍ട്ട് 2019 ജൂണില്‍ പുറത്തിറങ്ങേണ്ടതായിരുന്നുവെങ്കിലും പ്രതികൂലമായ കണ്ടെത്തലുകള്‍ കാരണം ഇത് തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രമുഖ ദേശീയ മാധ്യമം പറയുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്ന സമയത്തായിരുന്നു സര്‍വേ നടത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News