കേരളത്തിലെ ടെക്സ്‌റ്റൈല്‍ ബിസിനസില്‍ വളരാന്‍ 8 പാഠങ്ങള്‍

Update: 2019-08-07 14:11 GMT

മലയാളിയുടെ വസ്ത്ര സങ്കല്‍പ്പങ്ങള്‍ മാറി, ഒപ്പം ടെക്സ്‌റ്റൈല്‍ വിപണിയും. ഒറ്റമുറിയില്‍ ആവശ്യ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയെന്ന നിലയില്‍ നിന്ന് ലക്ഷക്കണക്കിന് ചതുരശ്രയടി വിസ്തീര്‍ണമുള്ള, കര്‍ച്ചീഫ് മുതല്‍ ആഡംബര വാച്ചുകള്‍ വരെ അണിനിരക്കുന്ന 'വണ്‍ സ്റ്റോപ്പ് ഷോപ്പായി' ടെക്സ്‌റ്റൈല്‍ റീറ്റെയ്ല്‍ ഷോറൂമുകള്‍ മാറിയിരിക്കുന്നു. ഇതോടൊപ്പം വിപണിയിലെ മത്സരവും മുറുകുകയാണ്. കേരളത്തിന്റെ വസ്ത്ര വിപണിയില്‍ വിജയിക്കാന്‍ എന്തുവേണം? ഇതാ എട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍.

  • അറിവ് അതിപ്രധാനം

ബിസിനസിനെക്കുറിച്ചും വിപണിയെ കുറിച്ചും കൃത്യമായ ധാരണയില്ലാതെ തുണിക്കച്ചവടം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ വിജയിക്കില്ല. എവിടെ കട തുടങ്ങണം? അവിടെ വരുന്ന ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെന്തെല്ലാമായിരിക്കും? ഏത് വില നിലവാരത്തിലുള്ള തുണിത്തരങ്ങളാകും അവിടെയെത്തുന്നവരില്‍ ഭൂരിഭാഗം പേരും വാങ്ങുക? തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ പരിശോധിച്ച് അവയ്ക്കെല്ലാം കൃത്യമായ ഉത്തരം ലഭിച്ച ശേഷം മാത്രം ഷോറൂം ആരംഭിക്കുക.

പര്‍ച്ചേസിനെ സംബന്ധിച്ച് യാത്ര അതിപ്രധാനമാണ്. വസ്ത്രധാരണ രീതികള്‍ മനസ്സിലാക്കാനും ട്രെന്‍ഡ്‌സ് അരിയാനും മറ്റു സ്ഥലങ്ങള്‍ സഞ്ചരിക്കുന്നത് സഹായകമാകും. ഷോറൂമില്‍ പുത്തന്‍ തുണിത്തരങ്ങള്‍ നിറയ്ക്കാന്‍ അതു തന്നെ വേണ്ടിവരും. മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ സാരികളിലും മറ്റും തനതായ ഡിസൈന്‍ കൊണ്ടുവരണം. ഇതിനായി നെയ്ത്ത് ഗ്രാമങ്ങള്‍ തന്നെ ഏറ്റെടുക്കേണ്ടിവരും. അപ്പോള്‍ വൈദഗ്ധ്യവും നെയ്ത്തില്‍ പാരമ്പര്യവുമുള്ള ഗ്രാമങ്ങള്‍ തന്നെ തെരഞ്ഞെടുക്കുക.

  • സെലക്ഷന്‍ തന്നെ കരുത്ത്

ഷോറൂമിലെത്തുന്ന ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനിണങ്ങിയ വസ്ത്രങ്ങളുടെ വിപുലമായ ശ്രേണി ഷോറൂമിലുണ്ടായിരിക്കണം. 100 രൂപ മുതല്‍ 10 ലക്ഷം രൂപ വിലവരെയുള്ള സാരി ഒരുക്കുന്നതിനെയല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഷോറൂം ലക്ഷ്യമിടുന്ന ഉപഭോക്താവ് തേടി വരുന്ന ഉല്‍പ്പന്നം അവരുടെ പോക്കറ്റിനിണങ്ങുന്ന വിവിധ വിലകളിലും നിറ വൈവിധ്യങ്ങളിലും നല്‍കാന്‍ സാധിക്കണം. ഒരു റേഞ്ചില്‍ ഒന്നോ രണ്ടോ പീസ് മാത്രമാണ് നാം നല്‍കുന്നതെങ്കില്‍ ഉപഭോക്താവിന് തൃപ്തിയാകില്ല. മറിച്ച് അവര്‍ തേടി വന്ന ഉല്‍പ്പന്നത്തിന്റെ പരമാവധി വൈവിധ്യങ്ങള്‍ നല്‍കി നോക്കൂ. പിന്നീട് അവര്‍ വീണ്ടും വീണ്ടും നിങ്ങളുടെ ഷോറൂമിലേക്ക് തന്നെയെത്തും.

  • വേറിട്ട് നില്‍ക്കാന്‍ സേവന മികവ്

ഷോറൂമുകള്‍ക്ക് നാട്ടില്‍ പഞ്ഞമില്ല. ഉപഭോക്താക്കള്‍ക്ക് ഇവയില്‍ എവിടെവേണമെങ്കിലും പോകാം. പക്ഷേ അപരിചിതത്വം അനുഭവപ്പെടാത്ത, അവരാഗ്രഹിക്കുന്ന സേവനം ലഭിക്കുന്ന ഷോറൂമിലേക്ക് മാത്രമേ ഉപഭോക്താക്കള്‍ വീണ്ടും കടന്നുവരൂ. പലതരത്തിലുള്ള ഉപഭോക്താക്കള്‍ ഒരു ദിവസം ഷോറൂമിലെത്തും. ചിലര്‍ ഷോറൂം വെറുതെ സന്ദര്‍ശിക്കാനെത്തുന്നതാകാം. ചിലര്‍ വിവാഹ പര്‍ച്ചേസ് നടത്താന്‍ വന്നതാകും. ഇക്കൂട്ടരെയെല്ലാം ഒരുപോലെ കാണുക. ഇതിനുള്ള പരിശീലനം സെയ്ല്‍സിലെ ജീവനക്കാര്‍ക്ക് നല്‍കണം.

  • വില ന്യായമായിരിക്കണം

ടെക്സ്‌റ്റൈല്‍ വിപണിയില്‍ ഏതാണ്ട് 80 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും നിയതമായ ഒരു പരമാവധി വില്‍പ്പന വിലയില്ല. ചിലര്‍ ഉല്‍പ്പന്നത്തിന്മേല്‍ ന്യായമായ ലാഭവിഹിതം മാത്രമെടുക്കുമ്പോള്‍ ചിലര്‍ ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നു. ഉയര്‍ന്ന ലാഭം പ്രതീക്ഷിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തിയാല്‍ ഫലം മറിച്ചാകും. ന്യായവിലയില്‍ കൂടുതല്‍ കച്ചവടം നടത്താനാണ് ശ്രമിക്കേണ്ടത്.

  • ഷോപ്പിംഗ് ആനന്ദകരമാക്കുക

കുടുംബ സമേതം ഷോറൂമിലെത്തി മണിക്കൂറുകളെടുത്ത് ഷോപ്പിംഗ് നടത്തുന്നവരാണ് ഇന്നത്തെ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും. ഭാര്യ ഷോപ്പിംഗ് നടത്തുമ്പോള്‍ ഭര്‍ത്താവ് ബഹളങ്ങളില്‍ നിന്ന് അകന്നിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. കുട്ടികള്‍ കളിക്കാനും. ഇവര്‍ക്കെല്ലാം വേണ്ട സൗകര്യം ഷോറൂമില്‍ ഒരുക്കണം. മാത്രമല്ല 'ശ്വാസംമുട്ടല്‍' അനുഭവെപ്പടാതെ ഷോപ്പിംഗ് നടത്താനുള്ള സൗകര്യവും ഷോറൂമിലുണ്ടാകണം.

  • വേണം വേറിട്ട വിപണനതന്ത്രം

വിപണിയില്‍ മത്സരം മുറുകുമ്പോള്‍ വിജയിക്കാന്‍ പരമാവധി ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കണം. ഇതിനായി വേറിട്ട വിപണനശൈലികള്‍ സ്വീകരിക്കണം. വിപണിയെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടു വേണം കച്ചവട തന്ത്രങ്ങള്‍ മെനയാന്‍. മറ്റുള്ളവര്‍ ചെയ്ത് വിജയിച്ച വിപണന തന്ത്രം അതേപടി പകര്‍ത്തിയാല്‍ വിജയം ആവര്‍ത്തിക്കണമെന്നില്ല. അതില്‍ അല്‍പ്പം പ്രതിഭ കൂടി പകര്‍ത്തി നിങ്ങളുടേതായ രീതിയില്‍ അവതരി്പ്പിക്കുക.

  • പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക

തുണിക്ക് 'പൂര്‍ണ ഗ്യാരണ്ടി' നല്‍കിക്കൊണ്ടുള്ള കച്ചവടങ്ങള്‍ ഇടത്തരം ഷോറൂമുകള്‍ക്ക് ഗുണം ചെയ്യാറില്ല. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ പോലെ വാറന്റിയോ ഗ്യാരണ്ടിയോ തുണിത്തരങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കണമെന്നില്ല. നനഞ്ഞാല്‍ ചീത്തയാകുമെങ്കില്‍ അക്കാര്യം തുറന്നു പറയുക.തെറ്റായ വിപണനശൈലികള്‍ ഷോറൂമിന്റെ പ്രതിച്ഛായ തകര്‍ക്കും. സത്യസന്ധത നിലനിര്‍ത്തണം.

  • വളരുക, കൂടുതല്‍ വിപുലീകരിക്കുക

ചെറിയ രീതിയില്‍ കച്ചവടം നടത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വലുതാകുന്നതാണ്. വന്‍തോതില്‍ പര്‍ച്ചേസ് നടത്താനും അതിലൂടെ ലഭിക്കുന്ന ലാഭവിഹിതം ഉപഭോക്താവിന് നല്‍കാനും വിപണിയിലെ മത്സരങ്ങളെ അതിജീവിക്കാനും വളര്‍ച്ച സഹായിക്കും. മികച്ച പ്രൊഫഷണലുകളെ നിയമിച്ച് പ്രൊഫഷണലിസം കൊണ്ടുവരണം. കൃത്യമായ വളര്‍ച്ച ലക്ഷ്യമിട്ട് വിപുലീകരണ പദ്ധതികള്‍ ആവിഷ്‌കരിക്കുക. പ്രമുഖ റീറ്റെയ്ല്‍ ബ്രാന്‍ഡാകണമെന്ന ലക്ഷ്യത്തോടെ സുസ്ഥിരമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ള ചുവടുവെപ്പുുകള്‍ നടത്തുക.

ലേഖനം 2010 ജൂണില്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചത്.

Similar News