അംബാനിയുടെ അടുത്ത ചുവട് ഇ-കൊമേഴ്സ് ആധിപത്യത്തിന്

Update: 2019-10-28 12:26 GMT

റിലയന്‍സ് കുടക്കീഴില്‍ ഇന്ത്യയ്ക്കായി വന്‍ ഇ-കൊമേഴ്സ് കമ്പനി സൃഷ്ടിക്കാന്‍ മുകേഷ് അംബാനി ചുവടുകള്‍ വയ്ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളിപ്കാര്‍ട്ടും ആമസോണും പടര്‍ന്നു കയറിയ ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി കീഴടക്കാനുള്ള അനുകൂല സാഹചര്യം നിലവില്‍ റിലയന്‍സിനുണ്ടെന്ന കണക്കുകൂട്ടലിലാണ് അംബാനിയുടെ കരുനീക്കം.

അംബാനി ആസൂത്രണം ചെയ്യുന്ന 24 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡിജിറ്റല്‍ സര്‍വീസസ് കമ്പനി ആലിബാബ ഗ്രൂപ്പ് മാതൃകയില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഷോപ്പിങ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള റിലയന്‍സിന്റെ ഹബ്ബായി മാറുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.റിലയന്‍സിന്റെ ബിസിനസ് ടു ബിസിനസ് (ബി 2 ബി) സംരംഭത്തിലൂടെ ഭക്ഷണം മുതല്‍ ഫാഷന്‍ വരെയുള്ള വില്‍പനയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.റിലയന്‍സിന്റെ ഫാഷന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വെബ്സൈറ്റായ എജിയോ.കോം വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യയാകെ പടര്‍ന്നു കിടക്കുന്ന റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെയും റിലയന്‍സ് റീട്ടെയ്ലിന്റെയും മറ്റ് ദശലക്ഷക്കണക്കിനു ചെറുകിട വില്‍പനക്കാരുടെയും അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എതിരാളികളെ മറികടന്ന വിപണി പിടിക്കാന്‍ കഴിയുമെന്നാണ് അംബാനി കരുതുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉല്‍പാദിപ്പിച്ച് ഫ്‌ളിപ്കാര്‍ട്ടിലൂടെയും ആമസോണിലൂടെയും വില്‍പന നടത്തിവന്ന ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്.

വാള്‍മാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണ് റിലയന്‍സിന്റേത്.ചില്ലറ വില്‍പന ഉള്‍പ്പെടെയുള്ള പുതിയ ബിസിനസുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റിലയന്‍സിന്റെ വരുമാനത്തിന്റെ പകുതി സംഭാവന ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുകേഷ് അംബാനി ഓഗസ്റ്റില്‍ ഓഹരി ഉടമകളോട് പറഞ്ഞിരുന്നു.സര്‍ക്കാര്‍ എഫ്ഡിഐ നിയമങ്ങള്‍ പുതുക്കിയതോടെ റിലയന്‍സിന് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും മേല്‍ വ്യക്തമായ ആധിപത്യം നേടാനാകുന്ന സാഹചര്യം വന്നുചേര്‍ന്നിട്ടുമുണ്ട്.

സ്വതന്ത്ര വില്‍പനക്കാരും വാങ്ങുന്നയാള്‍ക്കും മധ്യേ ഇടനിലക്കാരനാകാന്‍ മാത്രമെ ഇപ്പോഴത്തെ നിലയില്‍ വിദേശ കമ്പനികള്‍ക്ക് സാധ്യമാകൂ. അവര്‍ക്ക് സ്വന്തമായി എന്തെങ്കിലും വില്‍ക്കാനോ, ഉല്‍പന്നങ്ങള്‍ വാങ്ങാനോ, അവ സൂക്ഷിച്ചുവച്ചു വില്‍ക്കാനോ അധികാരമില്ല. എന്നാല്‍, എഫ്ഡിഐ ഇല്ലാത്ത ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതെല്ലാം ചെയ്യാം. വില പോലും ഇന്ത്യന്‍ കമ്പനികള്‍ക്കു തീരുമാനിക്കാം. ഫ്‌ളിപ്കാര്‍ട്ടും ആമസോണും പ്രധാനമായി റിലയന്‍സിനു കീഴടങ്ങേണ്ടിവരുന്നത് ഈ ഘടകങ്ങളിലാകും.

Similar News