ഓൺലൈൻ ഷോപ്പിംഗ്: അൽപം പ്രൊഫഷണൽ ആകാം

Update: 2018-10-12 10:21 GMT

ഫ്ലിപ്കാർട്ടും, ആമസോണും, പേടിഎമ്മും മെഗാ ഡിസ്‌കൗണ്ടുകളുമായി ഉത്സവ സീസൺ സെയിൽ പൊടിപൊടിക്കുകയാണ്. ഈ സമയത്ത് അൽപം ബുദ്ധിപൂർവം പ്രവർത്തിച്ചാൽ വളരെ ലാഭത്തിൽ സാധങ്ങൾ വാങ്ങാം, ഒപ്പം അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കുകയും ചെയ്യാം.

ഷോപ്പിംഗ് ലിസ്റ്റുമായി വെബ്‌സൈറ്റിന് മുന്നിൽ ഇരിക്കുമ്പോൾ ഇപ്പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും.

ഓൺലൈൻ ഷോപ്പിംഗിനായി മാത്രം ഒരു ഇമെയിൽ ഐഡി

നിങ്ങളുടെ പ്രധാന ഇമെയിൽ കൂടാതെ ഓൺലൈൻ ഷോപ്പിംഗിന് വേണ്ടി മാത്രം ഒരു ഐഡി തയ്യാറാക്കാം. ഇ-കോമേഴ്‌സ് കമ്പനികളുടെ മെയിൽ എത്തുന്നത് ഈ ഐഡിയിലേക്ക് ആയിരിക്കും. നമ്മുടെ പ്രധാന ഇമെയിൽ ക്ലീൻ ആയിരിക്കുകയും ചെയ്യും.

നിങ്ങളുടെ ആവശ്യങ്ങൾ അറിയുക

നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന വ്യക്തമായ ധാരണയുണ്ടായിരിക്കണം. പലപ്പോഴും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ പിന്നാലെ നാം പോകാറുണ്ട്. ഇത് നമുക്ക് അത്യാവശ്യമുള്ളവ ആയിരിക്കില്ല. അവസാനം ചെലവ് കയ്യിൽ നിൽക്കാതെ വരും. അതുകൊണ്ട് ആദ്യം വേണ്ടത് അവശ്യ സാധനങ്ങളുടെ ലിസ്റ്റാണ്. സമയം ലഭിക്കാനും ഇത് സഹായിക്കും.

നന്നായി റിസർച്ച് ചെയ്യുക

ഒരു ഉൽപ്പന്നത്തിന് ആരാണ് ഏറ്റവും നല്ല ഡീൽ നൽകുന്നത് എന്നറിയാനായി വിവിധ ഇ-കോമേഴ്‌സ് സൈറ്റുകളിൽ ഒരു റിസർച്ച് നടത്തുന്നത് നല്ലതാണ്.

അല്പം 'ഹൗസ് കീപ്പിങ്' ആവാം

ഷോപ്പിംഗ് തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ എക്കൗണ്ടിൽ എത്ര പണം ഉണ്ട് എന്ന് പരിശോധിച്ചറിയുന്നത് നന്നായിരിക്കും. ഫോണിലോ ലാപ്ടോപ്പിലോ കൃത്യമായി ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ പേയ്‌മെൻറ്റിന്റെ സമയത്ത് തടസ്സം നേരിടാം.

ഡിസ്‌കൗണ്ട് ഓഫറുകൾ ഉപയോഗിക്കുക

നിങ്ങളുടെ എസ്എംഎസ്, ഇമെയിൽ തുടങ്ങിയവ പരിശോധിച്ചാൽ കാണാം ബാങ്കുകളുടെ ഓഫർ. അവരുടെ കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ ഓൺലൈൻ ഷോപ്പിംഗിന് ഇത്ര ശതമാനം ഡിസ്‌കൗണ്ട് എന്ന് പറയുന്ന സന്ദേശങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ കാണും. ക്രെഡിറ്റ് കാർഡ് സേവന ദാതാക്കളും ഇത്തരത്തിൽ അധിക ഡിസ്‌കൗണ്ട് ഓഫർ ചെയ്യാറുണ്ട്.

എക്സ്ട്രാ ക്യാഷ് ബാക്ക്: വേണ്ടെന്ന് വെക്കല്ലേ

എല്ലാ ഇ-കോമേഴ്‌സ് കമ്പനികളും ധാരാളം ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്. ഇവയേതൊക്കെ എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. ഇതുകൂടാതെ ചില തേർഡ് പാർട്ടി സൈറ്റുകളും ക്യാഷ് ബാക്ക് നൽകുന്നുണ്ട്. www.cashkaro.com, www.gopaisa.com എന്നിവ ഇവയിൽ ചിലതാണ്. നിങ്ങളുടെ എക്കൗണ്ടിൽ ക്യാഷ് ബാക്ക് കാണിക്കണമെങ്കിൽ മൂന്ന് തൊട്ട് ഏഴ് ദിവസം വരെ എടുക്കും.

ആപ്പ് എക്സ്ക്ലൂസീവ് ഡീലുകൾ പ്രയോജനപ്പെടുത്തുക

ചില പുതിയ ഉൽപന്നങ്ങൾ ഇ-കോമേഴ്‌സ് കമ്പനികളുടെ മൊബീൽ ആപ്പുകളിൽ മാത്രമേ ഉണ്ടാവൂ. അത് പ്രയോജനപ്പെടുത്തണം.

ഉത്പന്നത്തെക്കുറിച്ച് നന്നായി അറിയുക

ഒരു ഉത്പന്നം തെരഞ്ഞെടുക്കുമ്പോൾ അതിനെക്കുറിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ (നിറം, മെറ്റീരിയൽ, വലിപ്പം തുടങ്ങിയവ) കൃത്യമായി വായിച്ചറിയണം. കൂടാതെ, എഫ്എക്യൂ (FAQ) കൂടി വായിച്ചിരുന്നത് നല്ലതാണ്.

റിട്ടേൺ പോളിസി

ഉത്പന്നം തിരികെ നൽകണമെങ്കിൽ കമ്പനിയുടെ റിട്ടേൺ പോളിസി എങ്ങനെയാണെന്ന് അറിയണം. പർച്ചേസ് നടത്തുന്നതിന് മുൻപ് മികച്ച റിട്ടേൺ പോളിസി ഉള്ള കമ്പനിയെ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.

Similar News