നഗരങ്ങളല്ല, എഫ്എംസിജി വിപണി ഇനി ഇന്ത്യയുടെ ഗ്രാമങ്ങൾ നയിക്കും

Update: 2018-05-21 05:51 GMT

ഉള്ളതുകൊണ്ട് ഓണംപോലെ' എന്ന രീതിക്ക് ഗ്രാമീണ ഇന്ത്യ പതുക്കെ ഗുഡ് ബൈ പറയുകയാണ്. നഗരങ്ങളിലേക്കാൾ വേഗത്തിലാണ് ഇപ്പോൾ ഗ്രാമങ്ങളിലെ ഉപഭോക്‌തൃ വിപണി കുതിക്കുന്നത്‌. ആശയവിനിമയ-സാങ്കേതിക രംഗത്തെ മുന്നേറ്റം ഗ്രാമീണ ജനതയെ ഉപഭോഗ സംസ്കാരത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കി എന്ന് വേണം കരുതാൻ.

മാർക്കറ്റ് റിസേർച് കമ്പനിയായ നീൽസന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഗ്രാമങ്ങളിലെ സ്വകാര്യ ഉപഭോഗത്തിന്റെ തോത് നഗരങ്ങളുടേതിനേക്കാൾ വേഗത്തിലാണ് വളരുന്നത്. മാത്രമല്ല, ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഉപഭോഗവർധനവിലുള്ള അന്തരം അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലുമാണ്.

മഴലഭ്യതയും അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാർ കൂടുതൽ ഊന്നൽ നൽകിയതും ഇതിന് സഹായകരമായി എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നീൽസന്റെ കണക്കുകൾ പ്രകാരം 2017-18 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ ഉപഭോഗം 9.7 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയപ്പോൾ, നഗരങ്ങളിൽ ഉപഭോഗം 8.6 ശതമാനമാണ് വളർന്നത്. തൊട്ടുമുൻപുള്ള രണ്ടു വർഷങ്ങളിലും ഗ്രാമീണ ഉപഭോഗവളർച്ച നഗരങ്ങളിലേതിനേക്കാൾ കൂടുതലായിരുന്നു. ഈ പ്രവണത തുടരുകയാണെങ്കിൽ, നോട്ടുനിരോധനവും ജിഎസ്ടി യും മൂലം

പ്രതിസന്ധിയിലായിരിക്കുന്ന എഫ്എംസിജി മേഖലക്ക് വളരെ അനുകൂലമായ വിപണി അന്തരീക്ഷം ഇത് കൊണ്ടുവരും.

നീൽസന്റെ കണക്കനുസരിച്ച് 2017-18 സാമ്പത്തിക വർഷം രാജ്യത്തെ എഫ്എംസിജി വില്പന 13.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. വില്പനയുടെ അളവിലുണ്ടായ 9.1 ശതമാനം വർധനവാണ് ഇതിനു പ്രധാന കാരണം.

റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ കണക്കുകൾ അനുസരിച്ച് എഫ്എംസിജി വ്യാപാരത്തിന്റെ 40-45 ശതമാനം വരുമാനം ഗ്രാമീണ മേഖലയിൽ നിന്നാണ്. ഈ വരുമാനത്തിൽ 15-16 ശതമാനം വളർച്ചയാണ് അവർ നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്. അതെ സമയം, നഗരപ്രദേശങ്ങളിൽ നിന്നുള്ള വരുമാന വളർച്ച 8 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും.

Similar News