ഇന്ത്യന്‍ എം.എസ്.എം.ഇകള്‍ക്ക് ആഗോള വിപണിതുറന്നു തരാന്‍ വാള്‍മാര്‍ട്ട്,ഫ്‌ളിപ്കാര്‍ട്ട്,അരാംകോ

Update: 2019-12-11 03:00 GMT

ലോക വിപണിയിലേക്കു കടന്നു ചെല്ലാനും സ്ഥാനമുറപ്പിക്കാനും ഇന്ത്യന്‍ എം.എസ്.എം.ഇകള്‍ക്ക് വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ടും അരാംകോയും കൈത്താങ്ങ് നല്‍കും. രാജ്യത്തെ എം.എസ്.എം.ഇ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഉപഭോക്താക്കളെ അതിര്‍ത്തികള്‍ക്കപ്പുറത്തും നേടിയെടുക്കുന്നതിനാവശ്യമായ സഹായവും പ്രോല്‍സാഹനവും നല്‍കും ഈ അന്താരാഷ്ട്ര കമ്പനികള്‍.

രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായ വാള്‍മാര്‍ട്ടും ആമസോണും അവരുടെ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഇന്ത്യയുടെ എംഎസ്എംഇ മേഖലയെ പ്രാപ്തമാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.വാള്‍മാര്‍ട്ട് ഇതിനുള്ള ആദ്യ ചുവടു വച്ചുകഴിഞ്ഞു, 50000 ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നതിനുള്ള വൃദ്ധി സപ്ലൈയര്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമിലൂടെ. ഫ്‌ളിപ്പ്കാര്‍ട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി (സിഐഐ) പങ്കാളിത്തം പ്രഖ്യാപിച്ചു.

ഓണ്‍ലൈനിലും ഓഫ്ലൈനിലുമുള്ള ഉപഭോക്തൃ സേവനത്തിന് എംഎസ്എംഇകളെ നേരിട്ട് സജ്ജമാക്കുകയാണ് വാള്‍മാര്‍ട്ട് വൃദ്ധി പ്രോഗ്രാമിന്റെ ലക്ഷ്യമെന്നും അതിന് അനുയോജ്യമായ പാഠ്യപദ്ധതി വികസിപ്പിക്കുമെന്നും വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ പ്രസിഡന്റും സിഇഒയുമായ ജൂഡിത്ത് മക്കെന്ന പറഞ്ഞു. ഇവിടത്തെ സംരംഭകര്‍ക്ക് വാള്‍മാര്‍ട്ടിലെ മാത്രമല്ല മറ്റ് കമ്പനികളിലെ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിതരണ ശൃംഖലകളില്‍ എത്തിച്ചേരാനും ഇതിലൂടെ സാധ്യമാകുമെന്ന് അവര്‍ അറിയിച്ചു.ഇന്ത്യയിലുടനീളം മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ക്ക് സമീപമായി 25 ഇന്‍സ്റ്റിറ്റ്യൂട്ട് ഹബുകള്‍ തുടങ്ങാനും ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 എംഎസ്എംഇ സംരംഭകരെ പരിശീലിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.ആദ്യ ഹബ് 2020 മാര്‍ച്ചിനകം തയാറാക്കും.

ആമസോണ്‍ ഇന്ത്യയും സിഐഐയും സഹകരിച്ച് കണ്ടെത്തുന്ന വ്യാവസായിക ക്ലസ്റ്ററുകളില്‍ ബോധവല്‍ക്കരണ വര്‍ക്ക്ഷോപ്പുകള്‍, റോഡ് ഷോകള്‍, ഇ-കൊമേഴ്സ് പരിശീലനം എന്നിവ നടത്തും. ആമസോണിന്റെ ആഗോള വിപണിയിലെ സ്വാധീനം ഇവിടത്തെ എംഎസ്എംഇകള്‍ക്കായി പ്രയോജനപ്പെടുത്തും. ഇ-കൊമേഴ്സ് വഴിയുണ്ടാകാവുന്ന നേട്ടങ്ങളെയും കയറ്റുമതി അവസരങ്ങളെയും കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനാണ് വര്‍ക്ക് ഷോപ്പുകള്‍ ലക്ഷ്യമിടുന്നത്.

' ഇ-കൊമേഴ്സിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള സന്ദേശം കൂടുതല്‍ ചെറുകിട, ഇടത്തരം ബിസിനസുകളിലേക്ക് എത്തിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'- ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസസ് വൈസ് പ്രസിഡന്റ് ഗോപാല്‍ പിള്ള പറഞ്ഞു. 'ചെറുകിട, ഇടത്തരം ബിസിനസുകള്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇ-കൊമേഴ്സ് ലോകത്തേക്കുള്ള യാത്രയില്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹായവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ആമസോണ്‍ വെബ്‌സൈറ്റില്‍ ലിസ്റ്റു ചെയ്യുന്നതിലൂടെ, അവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വലിയ ശ്രേണിയുമായി ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് സുഗമമായ പ്രവേശനം ലഭിക്കും.' പിള്ള കൂട്ടിച്ചേര്‍ത്തു.

ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ എംഎസ്എംഇ പങ്കാളിത്തം വികസിപ്പിക്കുന്നതിനായി ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷനും (എന്‍എസ്ഐസി) അരാംകോ ഏഷ്യയും തമ്മിലും ധാരണാപത്രം ഒപ്പുവച്ചു. അംഗീകൃത ഇന്ത്യന്‍ എംഎസ്എംഇകള്‍ക്ക് ആഗോള ബന്ധം ലഭ്യമാക്കാന്‍ വഴിയൊരുക്കുന്ന ധാരണാപത്രം ഒപ്പിട്ടത് എന്‍എസ്ഐസി യുടെ പി ആന്‍ഡ് എം ഡയറക്ടര്‍ പി. ഉദയകുമാറും അരാംകോ ഏഷ്യ പ്രസിഡന്റ് മുഹമ്മദ് അല്‍ മുഗിറയുമാണ്.

അതേസമയം, ഇവിടത്തെ ചെറുകിട ബിസിനസ്സുകളെ ആഗോള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് നീങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന ഇ-കൊമേഴ്സ് ഭീമന്മാരുടെ ശ്രമത്തില്‍ പരമ്പരാഗത വ്യാപാരി സമൂഹത്തിനുള്ള എതിര്‍പ്പ്് പുറത്ത് വന്നുതുടങ്ങി.ഇന്ത്യയിലെ എംഎസ്എംഇകള്‍ക്കായി പ്രത്യേക
ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഉണ്ടാകേണ്ടതെന്നും ആഗോള ഭീമന്മാര്‍ക്കു കീഴ്‌പ്പെടുകയല്ല വേണ്ടതെന്നും വിമര്‍ശകര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News