ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് മുടക്കുന്നത് 27000 കോടി?

Update: 2020-07-29 07:53 GMT

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ ആസ്തികള്‍ സ്വന്തമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുടക്കുക 24000-27000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഏറ്റെടുക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇരു കമ്പനികളുടെ പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കടബാധ്യതകള്‍ അടക്കമാണിത്.

ആസ്തികള്‍ റിലയന്‍സിന് കൈമാറുന്നതിന് മുമ്പ് ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളെ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കീഴിലാക്കും. ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ്, ഫ്യൂച്ചര്‍ സപ്ലൈ ചെയ്ന്‍, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ് വര്‍ക്ക്‌സ് എന്നിവയാണ് ലയിക്കുന്ന കമ്പനികള്‍. ഈ മാസം 31 ഓടെ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഗ്രൂപ്പിന് കീഴിലുള്ള ബിഗ് ബസാര്‍, ഫുഡ് ഹാള്‍, നീല്‍ഗിരീസ്, എഫ്ബിബി, സെന്‍ട്രല്‍, ഹെറിറ്റേജ് ഫുഡ്‌സ്, ബ്രാന്‍ഡ് ഫാക്ടറി തുടങ്ങിയ പേരുകളിലുള്ള രാജ്യത്തെ 1700 സ്റ്റോറുകളെയാണ് റിലയന്‍സ് ഏറ്റെടുക്കുന്നത്. വിദേശ ബ്രാന്‍ഡുകളുമായും റീറ്റെയ്‌ലേഴ്‌സുമായുള്ള ഫ്യുച്ചര്‍ ഗ്രൂപ്പിന്റെ പങ്കാളിത്ത സംരംഭങ്ങളും ഇതോടെ റിലയന്‍സിന്റെ കീഴിലാകും.

ഫ്യൂച്ചര്‍ ഗ്രൂപ്പ് വന്‍ കടക്കെണിയിലായതോടെയാണ് ആസ്തികള്‍ വിറ്റഴിക്കാന്‍ ഗ്രൂപ്പ് സ്ഥാപകനായ കിഷോര്‍ ബിയാനിയെ നിര്‍ബന്ധിതനാക്കിയത്. 2019 സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ കടം 12778 കോടി രൂപയാണ്. അതേ വര്‍ഷം മാര്‍ച്ചില്‍ അത് 10951 കോടി രൂപയായിരുന്നു.

ഈ ഏറ്റെടുക്കല്‍ റീറ്റെയ്ല്‍ രാജ്യത്ത് റീറ്റെയ്ല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുക. നിലവില്‍ റിലയന്‍സിന് രാജ്യത്ത് 11784 റീറ്റെയ്ല്‍ സ്‌റ്റോറുകളുണ്ട്. ഫാഷന്‍, ഫൂട്ട് വെയര്‍, പ്രീമിയം ഫാഷന്‍, ഗ്രോസറി, ജൂവല്‍റി, ഇല്‌ക്ട്രോണിക്‌സ്, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലായാണത്. 2020 സാമ്പത്തിക വര്‍ഷം 1.63 ലക്ഷം കോടി രൂപയുടെ വിറ്റുവരവും റിലയന്‍സ് റീറ്റെയ്ല്‍ നേടിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News