റബര്‍ കര്‍ഷകര്‍ക്ക് വീണ്ടും കണ്ണീര്‍! വില താഴേക്ക്; വിനയായി രാജ്യാന്തര വിപണിയുടെ തളര്‍ച്ച

കഴിഞ്ഞവാരം ആഭ്യന്തര റബര്‍വില കേരളത്തില്‍ താങ്ങുവിലയേക്കാള്‍ താഴെയെത്തി

Update:2024-04-22 11:52 IST

Image : Canva

സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് വീണ്ടും ഇരുട്ടടിയായി വില കുത്തനെ താഴുന്നു. കഴിഞ്ഞമാസം കിലോയ്ക്ക് 185 രൂപ ഭേദിച്ച ആര്‍.എസ്.എസ്-4 ഇനത്തിന്റെ വില ഒരുമാസം പിന്നിട്ടപ്പോഴേക്കും 179 രൂപയിലേക്ക് കൂപ്പുകുത്തി. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലെ വിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.
നിര്‍ജീവമായ ടാപ്പിംഗ് മൂലം സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞിട്ടും വില കൂടുന്നതിന് പകരം കുറയുന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്. കഴിഞ്ഞമാസം ആര്‍.എസ്.എസ്-4 ഇനത്തിന് രാജ്യാന്തരവില കിലോയ്ക്ക് 220 രൂപയ്ക്ക് മുകളിലായിരുന്നു. അതായത്, കേരളത്തിലെ വിലയും രാജ്യാന്തരവിലയും തമ്മില്‍ 35 രൂപയോളം വ്യത്യാസമുണ്ടായിരുന്നു.
നിലവില്‍ രാജ്യാന്തരവില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. 193 രൂപയാണ് കിലോയ്ക്ക് ബാങ്കോക്കില്‍ വില. കേരളത്തിലെ വിലയുമായി അന്തരം 14 രൂപ മാത്രം. ഈ വിലക്കുറവ് ചൂണ്ടിക്കാട്ടി ആഭ്യന്തര കര്‍ഷകരെയും വിതരണക്കാരെയും ടയര്‍ നിര്‍മ്മാണക്കമ്പനികള്‍ അടക്കമുള്ള വന്‍കിട ഉപഭോക്താക്കള്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ആഭ്യന്തരവിലയെ കുതിപ്പില്‍ നിന്ന് അകറ്റിനിറുത്തുന്നത്. ആഭ്യന്തരതലത്തില്‍ കൂടുതല്‍ വില ആവശ്യപ്പെട്ടാല്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ഇറക്കുമതി കൂട്ടും. ഇത്, ആഭ്യന്തര വിപണിക്ക് കൂടുതല്‍ തിരിച്ചടിയാവുകയും ചെയ്യും.
കര്‍ഷകര്‍ക്ക് ഇരുട്ടടി
ദശാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാനിക്കുമെന്നും സംസ്ഥാനത്ത് റബര്‍വില ആര്‍.എസ്.എസ്-4 ഇനത്തിന് കിലോയ്ക്ക് 200 രൂപ ഭേദിക്കുമെന്നും പ്രതീക്ഷിച്ചിരിക്കേയാണ് പൊടുന്നനേയുള്ള വിലയിടിവ്. റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇപ്പോള്‍ ആര്‍.എസ്.എസ്-4ന് വില കിലോയ്ക്ക് 180 രൂപയാണ്. കിലോയ്ക്ക് 200 രൂപയിലധികം ഉത്പാദനച്ചെലവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഫലത്തില്‍, നഷ്ടക്കച്ചടവമാണ് ഇപ്പോള്‍ കര്‍ഷകര്‍ നടത്തുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

റബറിന് വിലസ്ഥിരതാ ഫണ്ട് പദ്ധതിയില്‍ സബ്‌സിഡി കിലോയ്ക്ക് 180 രൂപയായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞവാരം കിലോയ്ക്ക് വിപണിവില 179 രൂപയിലേക്ക് ഇടിഞ്ഞത് കണക്കിലെടുത്താല്‍, കിലോയ്ക്ക് ഒരുരൂപ വീതം കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിക്കും. എന്നാല്‍, ഉത്പാദനച്ചെലവ് പോലും മടക്കിക്കിട്ടുന്നില്ലെന്നതിനാല്‍ സബ്‌സിഡി തീരെ അപര്യാപ്തമാണെന്ന പരാതി ഏറെക്കാലമായുണ്ട്. സബ്‌സിഡി 250 രൂപയെങ്കിലുമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

Similar News