റബര്‍വില കേരളത്തില്‍ 170 രൂപ കടന്നു; സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടം, കര്‍ഷകന് നിരാശ
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'താങ്ങുവില'യ്ക്ക് തുല്യമാണ് ഇപ്പോള്‍ ആഭ്യന്തര വില; രാജ്യാന്തരവില 210 രൂപ
കേരളത്തില്‍ റബര്‍വില ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കിലോയ്ക്ക് 170 രൂപ കടന്നു. റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ആര്‍.എസ്.എസ്-4 ഇനത്തിന് കോട്ടയം, കൊച്ചി വില കിലോയ്ക്ക് 171 രൂപയാണ്. ആര്‍.എസ്.എസ്-5ന് വില 167 രൂപ.
രാജ്യാന്തര തലത്തില്‍ തന്നെ ഉത്പാദനം കുറയുകയും അതേസമയം ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തത് വിലക്കയറ്റത്തിന് ഊര്‍ജം പകര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ക്രൂഡോയില്‍ വിലക്കയറ്റവും റബര്‍വിലയെ ഉയര്‍ത്തുന്നുണ്ട്. ക്രൂഡോയിലിന്റെ വില വര്‍ധിച്ചതോടെ, ഉപോത്പന്നമായ സിന്തറ്റിക് റബറിന്റെ ഉത്പാദനച്ചെലവ് ഏറിയത് സ്വാഭാവിക റബറിലേക്ക് (NR) ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ഇതാണ് വിലക്കയറ്റത്തിന് വളമായത്.
രാജ്യാന്തരവിലയില്‍ കത്തിക്കയറ്റം
സ്വാഭാവിക റബറിന്റെ ഇന്ത്യയിലെ വിലയും രാജ്യാന്തരവിലയും തമ്മില്‍ വലിയ അന്തരമുണ്ട്. ആര്‍.എസ്.എസ്-4ന് 210.88 രൂപയാണ് ബാക്കോക്ക് വില. ആര്‍.എസ്.എസ്-5ന് വില 209.83 രൂപ. വേനല്‍ച്ചൂട് മൂലം ടാപ്പിംഗും ഉത്പാദനവും കുറഞ്ഞത് വിപണിയില്‍ റബര്‍ ലഭ്യതയെ ബാധിക്കുന്നുണ്ട്. ടയര്‍ കമ്പനികളില്‍ നിന്ന് മികച്ച ഡിമാന്‍ഡും ഉള്ളതിനാല്‍ വില കൂടുകയുമാണ്.
സംസ്ഥാന സര്‍ക്കാരിന് നേട്ടം, കര്‍ഷന് കണ്ണീര്‍
റബര്‍വില ഇടിവ് മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് റബര്‍ വിലസ്ഥിരതാ ഫണ്ട്. കിലോയ്ക്ക് 150 രൂപ താങ്ങുവിലയാണ് പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അക്കാലത്ത് വില 100-130 രൂപ നിലവാരത്തിലായിരുന്നു.
താങ്ങുവിലയും വിപണിവിലയും തമ്മിലെ അന്തരം സബ്‌സിഡിയായി സര്‍ക്കാര്‍ കര്‍ഷകന് നല്‍കുന്നതായിരുന്നു പദ്ധതി. പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്നീട് താങ്ങുവില 170 രൂപയാക്കി. ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 10 രൂപ കൂട്ടി 180 രൂപയാക്കിയെങ്കിലും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഫലത്തില്‍, 170 രൂപയാണ് ഇപ്പോള്‍ താങ്ങുവില.
വിപണിവിലയും താങ്ങുവിലയും ഇപ്പോള്‍ ഒന്നായതിനാല്‍ സബ്‌സിഡി നല്‍കേണ്ട ബാധ്യത ഒഴിവായി എന്നത് സര്‍ക്കാരിന് വലിയ ആശ്വാസമാണ്. എന്നാല്‍, കര്‍ഷകന് അത് തിരിച്ചടിയുമാണ്. ഒരു കിലോ റബറിന് കുറഞ്ഞത് 200 രൂപയെങ്കിലും ഉത്പാദനച്ചെലവുണ്ടെന്നും താങ്ങുവില 250 രൂപയെങ്കിലുമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കര്‍ഷകരും രാഷ്ട്രീയ പാര്‍ട്ടികളും മതമേലധ്യക്ഷന്മാരും ആവശ്യപ്പെട്ടിരുന്നെങ്കിലും 10 രൂപ കൂട്ടി 180 രൂപയാക്കുകയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചെയ്തത്.
റബര്‍വില അല്‍പം മെച്ചപ്പെട്ടെങ്കിലും നേട്ടം കൊയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് കര്‍ഷകനുള്ളത്. കടുത്ത വേനല്‍മൂലം ടാപ്പിംഗും ഉത്പാദനവും മോശമാണ്. ഇതുമൂലം ഉയര്‍ന്നവിലയുടെ നേട്ടം സ്വന്തമാക്കാന്‍ കഴിയുന്നില്ല.