ഇന്ത്യക്കിഷ്ടം റഷ്യന്‍ എണ്ണ തന്നെ; പക്ഷേ വേണം 'പ്ലാന്‍ ബി', സൗദിയോട് പരിഭവം!
അടുത്തമാസം മുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി കുറഞ്ഞേക്കും
യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് യൂറോപ്പില്‍ വലിയതോതില്‍ വിലക്കയറ്റത്തിന് കാരണമായെങ്കിലും ഇന്ത്യക്ക് ഒരുതരത്തില്‍ അനുഗ്രഹമായി മാറിയിരുന്നു കാര്യങ്ങള്‍. എണ്ണ ഇറക്കുമതിയുടെ കാര്യത്തിലാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം ഇന്ത്യക്ക് അനുകൂലമായത്. പാശ്ചാത്യ ശക്തികളും അമേരിക്കയും റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ എണ്ണയില്‍ കണ്ണുവെച്ച ഇന്ത്യക്ക് ഇറക്കുമതിയില്‍ വലിയ ലാഭമുണ്ടാക്കാനായി.
വരും മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വലിയതോതില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ 7 ശതമാനം വര്‍ധനയാണ് റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഉണ്ടായിട്ടുള്ളത്. എണ്ണ ഇറക്കുമതി നിരീക്ഷിക്കുന്ന ഏജന്‍സികളായ കെപ്ലറും എല്‍.എസ്.ഇ.ജിയും പുറത്തുവിട്ട കണക്കുകള്‍ അമേരിക്കന്‍ സഖ്യകക്ഷികളെ അസ്വസ്ഥമാക്കുന്നതാണ്.
റഷ്യയുടെ നേട്ടം സൗദിക്ക് കോട്ടം
എണ്ണ ഉപഭോഗത്തിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ആവശ്യമായതിന്റെ ഭൂരിഭാഗവും റഷ്യ, ഇറാക്ക്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. യുക്രെയ്നുമായുള്ള പ്രശ്നങ്ങള്‍ക്ക് മുമ്പ് റഷ്യയുടെ വിഹിതം തീരെ കുറവായിരുന്നു. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ കൈമാറാന്‍ തയ്യാറായ റഷ്യയുടെ ഓഫര്‍ ഇന്ത്യ സ്വീകരിച്ചതോടെ കാര്യങ്ങള്‍ മാറി.
ഗള്‍ഫ് രാജ്യങ്ങളായിരുന്നു അതിനുമുമ്പ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാര്‍. കഴിഞ്ഞ കുറച്ചു നാളുകളായി ഇക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ത്യയിലേക്ക് ഇപ്പോള്‍ ഏറ്റവുമധികം എണ്ണ ഒഴുകുന്നത് റഷ്യയില്‍ നിന്നാണ്. സൗദിയെ മറികടന്ന് ഇറാക്ക് രണ്ടാംസ്ഥാനത്തേക്ക് എത്തിയെന്നതാണ് പ്രധാന മാറ്റം.
റഷ്യന്‍ എണ്ണയുടെ ഒഴുക്ക് കുറഞ്ഞേക്കും
മാര്‍ച്ചില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയെങ്കിലും വരുംമാസങ്ങളില്‍ ഈ നില തുടര്‍ന്നേക്കില്ലെന്ന് എല്‍.എസ്.ഇ.ജി റിപ്പോര്‍ട്ട് അടിവരയിടുന്നു. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുന്നതാണ് കാരണങ്ങളിലൊന്ന്. ഏപ്രിലില്‍ പ്രതിദിനം 1.25 മില്യണ്‍ ബാരല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കെത്തും. മാര്‍ച്ചിനെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ കുറവായിരിക്കും റഷ്യന്‍ എണ്ണയില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കുറഞ്ഞവിലയ്ക്ക് എണ്ണ ലഭിക്കാനായി മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ടി വരും. വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വെനസ്വേലയും അമേരിക്കന്‍ ഉപരോധ നിഴലിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ എന്ത് 'പ്ലാന്‍ ബി' സജ്ജമാക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഷിപ്പിംഗ് കമ്പനികള്‍ക്ക് നിയന്ത്രണം വന്നേക്കും
റഷ്യയില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഇറക്കുമതി എല്ലാ കാലത്തും തുടരാമെന്ന മോഹമൊന്നും ഇന്ത്യക്കില്ല. റഷ്യ പോകുമ്പോള്‍ പകരം ഇറാക്കിലേക്ക് ഉള്‍പ്പെടെ നോട്ടമെറിയുന്നതിന്റെ കാരണവും ഇതുതന്നെയാണ്. റഷ്യയെ അകറ്റി നിര്‍ത്താന്‍ അമേരിക്ക ഇന്ത്യക്കുമേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്.
റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന ഷിപ്പിംഗ് കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണം വരാനും സാധ്യതയുണ്ട്. പഴയതുപോലെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ എണ്ണയ്ക്കായി അശ്രയിക്കുന്ന രീതിയിലേക്ക് ഇന്ത്യ തിരികെയെത്താനാണ് സാധ്യത. അതേസമയം, ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണ ഉപഭോഗത്തില്‍ വലിയ തോതില്‍ വര്‍ധന ഉണ്ടാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.