സൗദി അറാംകോയ്ക്ക് 16,100 കോടി ഡോളര്‍ ലാഭം

നേട്ടമായത് ക്രൂഡോയില്‍ വിലക്കുതിപ്പ്

Update: 2023-03-13 09:16 GMT

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയും സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയുമായ സൗദി  അറാംകോ 2022ല്‍ 16,100 കോടി ഡോളറിന്റെ (ഏകദേശം 13.19 ലക്ഷം കോടി രൂപ) ലാഭം രേഖപ്പെടുത്തി. നിലവില്‍ ക്രൂഡോയില്‍ വില ബാരലിന് 82 ഡോളറിനടുത്താണ്. കഴിഞ്ഞവര്‍ഷം ഇത് 120 ഡോളര്‍ കടന്നിരുന്നു. ഇതാണ് മികച്ച ലാഭം നേടാന്‍ സഹായിച്ചത്.

2021ല്‍ ലാഭം 11,100 കോടി ഡോളറും (9 ലക്ഷം കോടി രൂപ) 2020ല്‍ 4,900 കോടി ഡോളറുമായിരുന്നു (4 ലക്ഷം കോടി രൂപ). കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്രൂഡ് വില ഇടിഞ്ഞതാണ് 2020ല്‍ ലാഭത്തെ ബാധിച്ചത്.
സൗദിയുടെ നേട്ടം
ലോകത്ത് ഉത്പാദനച്ചെലവ് ഏറ്റവും കുറഞ്ഞ എണ്ണഖനികളാണ് സൗദി അറേബ്യയുടെത്. അതിനാല്‍, ക്രൂഡോയില്‍ വില ബാരലിന് ഓരോ 10 ഡോളര്‍ ഉയരുമ്പോഴും സൗദി അറേബ്യയുടെ വരുമാനത്തില്‍ വര്‍ഷം 4,000 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടാകും. അതേസമയം, റിയാദ് ഓഹരിവിപണിയില്‍ 8.74 ഡോളര്‍ നിലവാരത്തിലാണ് അറാംകോ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞവര്‍ഷം വില 11.55 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
Tags:    

Similar News