സല്‍മാന്റെ 'ടൂ ട്രില്യണ്‍' സ്വപ്നം സഫലമാക്കി അരാംകോ ഓഹരി

Update: 2019-12-12 08:54 GMT

സൗദി അരാംകോ ഓഹരികളുടെ വിപണി മൂല്യം 2 ട്രില്യണ്‍ ഡോളറിനു മുകളിലെത്തി. ഇന്നു നടന്ന രണ്ടാമത്തെ ട്രേഡിങ്ങ് സെഷനില്‍ കൈവന്ന 10 % വിലക്കുതിപ്പോടെയാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്നമായ രണ്ട് ട്രില്യണ്‍ മൂല്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനി മറികടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആയിരുന്നു അരാംകോയുടേത്. 25.6 ബില്യണ്‍ ഡോളര്‍ ആണ് സമാഹരിച്ചത്. ഇന്നലെ റിയാദ് സ്റ്റോക്ക് എക്സ്ചേ്ഞ്ചില്‍ ആദ്യവ്യാപാരം ആരംഭിച്ചപ്പോഴാകട്ടെ പ്രഥമ ഓഹരി വിലയേക്കാള്‍ 10 ശതമാനം അധിക നേട്ടം രേഖപ്പെടുത്തി. ദിവസവും 10 ശതമാനം വരെ വില വര്‍ധനവാണ് അരാംകോയ്ക്ക് റിയാദിലെ തഡവുല്‍ ഓഹരി വിപണി അനുവദിച്ചിരിക്കുന്നത്.

ഓഹരി വില ഇന്നലെ 35.20 റിയാലിലേക്കെത്തി.പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 32 റിയാലായിരുന്നു ഉണ്ടായിരുന്നത്. കമ്പനിയുടെ വിപണി മൂല്യം ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 1.88 ട്രില്യണ്‍ ഡോളറിലേക്കെത്തി.2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ ആലിബാബ സ്വന്തമാക്കിയ നേട്ടത്തെ പോലും സൗദി അരാംകോ തകര്‍ത്തെറിഞ്ഞു. 1.5 ശതമാനം ഓഹരികള്‍ മാത്രമാണ് ലിസ്റ്റ് ചെയ്തതെങ്കിലും ഇതോടെ ടെക് കമ്പനിയായ  ആപ്പിളിനെ കടത്തി വെട്ടി ഓഹരി വിപണിയില്‍ ലോകത്തിലേറ്റവുമധികം വ്യാപാരം നടത്തുന്ന കമ്പനിയായി സൗദി അരാംകോ മാറി.

അമേരിക്കയിലെ എണ്ണ കമ്പനി ഭീമനായ എക്സോണ്‍ മൊബിലിന് 300 ബില്യണ്‍ ഡോളറിന്റെ മൂല്യം മാത്രമാണ് ഉള്ളത്. ടെക് ഭീമനായ ആപ്പിളിനാവട്ടെ 1.2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യവും. അരാംകോയുടെ മൂല്യം രണ്ട് ട്രില്യണിലേക്കെത്തുമ്പോള്‍ സൗദി സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. സൗദിയിലേക്ക് ഇതുവഴി നിക്ഷേപം വര്‍ധിക്കാനും, സൗദിയുടെ തൊഴില്‍ സാഹചര്യം വിപുലപ്പെടാനും കാരണമാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News