അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദം; സെബി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചു

ഏഴ് അദാനി കമ്പനികളിലെ 35 കോടി കൈമാറ്റങ്ങള്‍ സെബി പരിശോധിച്ചു എന്ന് റിപ്പോർട്ടിൽ

Update: 2023-08-26 06:37 GMT

Image:dhanamfile

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ സെബി സുപ്രീം കോടതിക്ക് മുന്നാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശതകോടീശ്വരനായ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഓഹര വിപണി നിയമങ്ങൾ ലംഘിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയതായും ഉത്തരവുകള്‍ പാസാക്കാന്‍ ചില കേസുകളില്‍ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഓഹരി വിപണി നിയന്ത്രിതാവായ സെബി ഓഗസ്റ്റ് 25 ന് സുപ്രീം കോടതിയെ അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഉള്‍പ്പെട്ട 24 ഇടപാടുകളാണ് അന്വേഷിച്ചതെന്നും അതില്‍ 22 എണ്ണം അന്തിമ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നുമാണ് സെബി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് ഒന്നിനും 2022 ഡിസംബര്‍ 31 നും ഇടയില്‍ അദാനി ഗ്രൂപ്പില ഏഴ് ലിസ്റ്റഡ് കമ്പനികളില്‍ നടന്ന 35 കോടി ഓഹരി വ്യാപാരങ്ങള്‍ സെബി പരിശോധിച്ചു. കണ്ടെത്തലുകളുടെ രൂപരേഖ നല്‍കിയിട്ടില്ലെങ്കിലും അവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്നാണ് സെബി പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 29ന് സുപ്രീം കോടതി കേസ് പരിഗണിക്കും.

ഓഹരികള്‍ താഴേക്ക്

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ അദാനി ഗ്രൂപ്പിലെ കമ്പനികളെല്ലാം തന്നെ ഇടിവിലായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി വിലനിര്‍ണയത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപണമുന്നയിച്ച് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ജനുവരിയിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തുടര്‍ന്നങ്ങോട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വലിയ താഴ്ചയിലേക്ക് പോയി. ഏകദേശം 15,000 കോടി ഡോളറിന്റെ (12.39 ലക്ഷം കോടി രൂപ) നഷ്ടമാണ് ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തിലുണ്ടായത്. ഇതേതുടര്‍ന്നാണ് സുപ്രീം കോടതി നിക്ഷേപകരുടെ താത്പര്യങ്ങളെ വിപണി ചാഞ്ചാട്ടത്തില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും നിയന്ത്രണസംവിധാനം ശക്തിപ്പെടുത്താന്‍ ഒരു മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിദ്ഗധരുടെ ഒരു പാനല്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടത്. പാനലിന്റെ നിര്‍ദേശപ്രകാരമാണ് സെബി  അന്വേഷണം ആരംഭിച്ചത്.

Tags:    

Similar News