ഹോങ്കോംഗിലെ ലിസ്റ്റിംഗ് ചരിത്രമാക്കി ആലിബാബ

Update: 2019-11-27 12:30 GMT

ഹോങ്കോംഗ് ഓഹരി വിപണിയിലേക്ക് ചൈനീസ് ഇ-കൊമേഴ്സ് ഭീമന്‍ ആലിബാബ വലതുകാല്‍ വച്ചത് അതുല്യ നേട്ടം കൊയ്ത്. രണ്ടു ദിവസം കൊണ്ട് പ്രതി ഓഹരി മൂല്യത്തിലുണ്ടായത് പ്രാരംഭ ലിസ്റ്റിംഗ് വിലയേക്കാള്‍ 9.6 ശതമാനം ഉയര്‍ച്ച . 

ചൊവ്വാഴ്ച ഓഹരികള്‍ അവതരിപ്പിച്ചത് 176 ഹോങ്കോംഗ് ഡോളര്‍ (ഏകദേശം 22.5 യു.എസ് ഡോളര്‍) നിരക്കിലാണ്. ഇതോടെ 2019 ലെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിംഗ് ആലിബാബ സ്വന്തമാക്കി. വില്‍പ്പന ആരംഭിച്ച പ്രാദേശികസമയം രാവിലെ 9:30ന് തന്നെ മൂല്യം 6 % ഉയര്‍ന്നു. വ്യാപാരത്തിനിടെ 189.50 ഹോങ്കോംഗ് ഡോളറെന്ന ഉയര്‍ന്ന മൂല്യത്തിലെത്തി. വിപണി അടയ്ക്കുമ്പോള്‍ 6.6% ആയിരുന്നു ഏകദിന മുന്നേറ്റം.ഇന്ന് 2.99 ശതമാനവും വില ഉയര്‍ന്നു.

'ഹോങ്കോംഗിലെ ലിസ്റ്റിംഗിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായ ഏകദേശം 10 % ഉയര്‍ച്ച ഞാന്‍ വിസ്മയത്തോടെയാണ് കാണുന്നത്,' ഷാ ആന്‍ഡ് പാര്‍ട്ട്‌നേഴ്‌സിലെ പോര്‍ട്ട്ഫോളിയോ മാനേജര്‍ ജെയിംസ് ജെറിഷ്  സിഎന്‍ബിസിയുടെ 'ക്യാപിറ്റല്‍ കണക്ഷനി'ല്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനാധിപത്യ അനുകൂലികളുടെ ശക്തമായ സമരത്തെത്തുടര്‍ന്ന് ഹോങ്കോംഗ് വിപണി മാന്ദ്യത്തിലായിരുന്നു. എന്നിട്ടും വിപണിക്ക് വര്‍ദ്ധിത ഊര്‍ജം നല്‍കാന്‍ കഴിഞ്ഞു ആലിബാബയ്ക്ക്.  മേയ് മാസത്തില്‍ ഊബര്‍ സ്വന്തമാക്കിയ 8 ബില്യണ്‍ ഡോളര്‍ നേട്ടം മറികടന്നാണ് ആലിബാബ 2019 ലെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. എന്നാല്‍ അടുത്ത മാസം റിയാദില്‍ നടക്കുന്ന സൗദി ആരാംകൊയുടെ ഓഹരിവില്‍പന ആലിബാബയുടെ നേട്ടത്തെ മറികടന്നേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News