റോക്കറ്റ് നിര്‍മ്മാണത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യത: വിഎസ്എസ്‌സി മേധാവി

Update: 2020-03-02 06:33 GMT

റോക്കറ്റുകളുടെ നിര്‍മ്മാണമായിരിക്കും ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തില്‍ 2050-നകം നടക്കുന്ന സുപ്രധാന മാറ്റങ്ങളിലൊന്നെന്നും ഇതിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്നും തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് സോമനാഥ്. രാജ്യത്ത് വിക്ഷേപണവാഹനങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും വാണിജ്യവല്‍ക്കരണം 2050-നകം സാധ്യമാകുമെന്ന് ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടിഎംഎ) വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷനായ 'ട്രിമ-2020'ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹിരാകാശ മേഖലയില്‍ 35 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ രംഗത്തുണ്ട്. അവയില്‍ മൂന്നെണ്ണം റോക്കറ്റുകളുടെ രൂപകല്‍പ്പനയിലും 14 എണ്ണം ഉപഗ്രഹങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും ബാക്കിയുള്ളവ ഡ്രോണ്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍, സേവന മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. പരിശോധനയ്ക്കും വിലയിരുത്തലിനുമായി പ്രോട്ടോടൈപ്പുകളുമായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ പലപ്പോഴും ഇസ്റോയെ സമീപിച്ചിട്ടുണ്ടെന്നും 'ഇന്‍ഡസ്ട്രി 4.0 - തൊഴില്‍ മേഖലയിലെ പ്രത്യാഘാതം' എന്ന വിഷയത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണ സാങ്കേതികവിദ്യകളിലും പ്രക്രിയകളിലും ഓട്ടോമേഷന്‍, ഡാറ്റാ എക്‌സ്‌ചേഞ്ച്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ക്ലൗഡ് കമ്പ്യൂട്ടിംഗ്, കോഗ്‌നിറ്റീവ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ ബന്ധിപ്പിക്കുന്ന മേഖലയാണ് 'ഇന്‍ഡസ്ട്രി 4.0 '.

'റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിലും വിക്ഷേപിക്കുന്നതിലും സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കുമോ എന്ന് എനിക്ക് പ്രവചിക്കാന്‍ കഴിയില്ല. പക്ഷേ അവ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' ഡോ. സോമനാഥ് പറഞ്ഞു. എയര്‍ബസ് പോലുള്ള വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് വരാനും അവരുടെ പ്ലാന്റുകള്‍ സ്ഥാപിക്കാനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ഇത് ബഹിരാകാശ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന മറ്റൊരു മാറ്റമാണെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ബഹിരാകാശ വ്യവസായവുമായി ബന്ധപ്പെട്ട സുപ്രധാന ദൗത്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യവും ഐഎസ്ആര്‍ഒ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഡോ. സോമനാഥ് ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News