സ്റ്റീല്‍ വില ഉയരുന്നു, അനുബന്ധ മേഖലകള്‍ക്ക് തിരിച്ചടിയാകും

ജഎസ്ഡബ്ല്യു സ്റ്റീല്‍, ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ എന്നിവ ടണ്ണിന് 3,000 മുതല്‍ 3,500 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്

Update:2021-11-02 18:44 IST

Representation

രാജ്യത്ത് സ്റ്റീല്‍ വില വീണ്ടും ഉയരുന്നു. കല്‍ക്കരി വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ നിര്‍മാതാക്കള്‍ ടണ്ണിന് 3,500 രൂപ വരെ വില ഉയര്‍ത്തിയത്. വില വര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ എന്നിവ ടണ്ണിന് 3,000 മുതല്‍ 3,500 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. മറ്റ് ഉരുക്ക് നിര്‍മാതാക്കളും ഇത് പിന്തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കല്‍ക്കരി വില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ എനര്‍ജി സര്‍ചാര്‍ജ് പരിഗണനയിലാണെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ രണ്ടാം പാദ ഫലപ്രഖ്യാപന വേളയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ കല്‍ക്കരി വില ഉയരുന്നത് സ്റ്റീല്‍ നിര്‍മാതാക്കള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.
പവര്‍, നോണ്‍ പവര്‍ വിഭാഗങ്ങള്‍ക്കായി കോള്‍ ഇന്ത്യ സാധാരണയായി പ്രതിദിനം 210-230 റേക്കുകളാണ് ലോഡ് ചെയ്യുന്നത്. പ്രതിദിനം 50-60 റേക്കുകള്‍ നോണ്‍-പവര്‍ വിഭാഗങ്ങള്‍ക്കാണ് നല്‍കുന്നത്. അതില്‍ പകുതിയും സ്റ്റീല്‍, അലുമിനിയം എന്നിവയുടെ നിര്‍മാണത്തിനായാണ് ഉപയോഗിക്കുന്നത്.
അതേസമയം, സ്റ്റീലിന്റെ വില ഉയരുന്നത് അനുബന്ധമേഖലകള്‍ക്കും തിരിച്ചടിയാകും. ഇത് കെട്ടിട നിര്‍മാണ രംഗത്ത് ചെലവ് വര്‍ധിക്കാനിടയാക്കും. കൂടാതെ, വാഹനങ്ങളുടെ വില ഉയരാനും കാരണമായേക്കും. ഈ വര്‍ഷം ആദ്യം മുതല്‍ സ്റ്റീലിന്റെ വില വര്‍ധിച്ചതിന് പിന്നാലെ വിവിധ വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മാരുതി നാല് തവണയാണ് വാഹനങ്ങളുടെ വില കൂട്ടിയത്.


Tags:    

Similar News