വേദാന്തയുടെ ഹര്‍ജി തള്ളി; തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനാകില്ല

Update: 2020-08-18 09:57 GMT

ജനകീയ പ്രതിഷേധത്തിനും വെടിവയ്പ്പിനും ഇടയാക്കിയ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്‌ളാന്റ് തുറക്കാന്‍ അനുമതി തേടി മൈനിംഗ് കമ്പനിയായ വേദാന്ത നല്‍കിയ ഹര്‍ജി തളളി.

വേദാന്ത നേരത്തെ നല്‍കിയ എല്ലാ ഹര്‍ജികളും കോടതി നിരസിച്ചിരുന്നു.2018ല്‍ പ്‌ളാന്റിനെതിരെ സമരം ചെയ്തവര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്‌ളാന്റ് അടച്ചുപൂട്ടിയത്. ഈ തീരുമാനം വന്‍ സാമ്പത്തിക പ്രശ്‌നമുണ്ടാക്കുന്നു എന്നും അതിനാല്‍ പ്‌ളാന്റ് തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. അടച്ചിടല്‍ മൂലം പ്രതിദിനം അഞ്ചു കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നതായി  കമ്പനി പറയുന്നു.

പ്രദേശത്തെ ജലം മലിനമാക്കുന്നതുള്‍പ്പടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും തീരുമാനിച്ചിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലും പ്ലാന്റ് അടച്ചുപൂട്ടാന്‍ വ്യവസായവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വേദാന്ത സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പ്ലാന്റിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News