ഫുഡ് ഡെലിവറി മാത്രമല്ല ഇനി സ്വിഗ്ഗി; ക്ലൗഡ് കിച്ചനും സ്വിഗ്ഗി സ്‌റ്റോറുകളും

Update: 2019-11-22 06:40 GMT

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗി പുതിയ മേഖലകളിലേക്കും സാന്നിധ്യമുറപ്പിക്കുകയാണ്. മൊത്തവരുമാനത്തിന്റെ 30 ശതമാനം ഗ്രോസറി, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലെ സര്‍വീസിലൂടെ സ്വന്തമാക്കാനുള്ള പുതിയ പദ്ധതികളാണ് സ്വിഗ്ഗി മുന്നോട്ടുവെക്കുന്നതെന്നാണ് സ്വിഗ്ഗി സിഇഒ ശ്രീഹര്‍ഷ മജെറ്റി ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഗ്രോസറി സര്‍വീസസ് , ഹോട്ടല്‍ ബുക്കിംഗ് ഹെല്‍പ്, ക്ലൗഡ് കിച്ചന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ബിസിനസിലാണ് സ്വിഗ്ഗി കണ്ണുവച്ചിരിക്കുന്നത്.

ഇന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ ഏറ്റവുമധികം ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന ആപ്പുകളിലൊന്നാണ് സ്വിഗ്ഗി. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തില്‍ നിന്നും കമ്പനിയെ പിന്നോട്ടു വലിച്ച ഘടകമാണ്. സ്വിഗ്ഗിയും സൊമാറ്റോയും അവരുടെ പ്രൊമോഷന്റെ ഭാഗമായി 30-40 ദശലക്ഷമാണ് ഓരോ മാസവും പൊടിക്കുന്നത്. എന്നാല്‍ മേഖലയിലെ കടുത്ത മത്സരത്തോട് പോരാടാനാണ് സ്‌കെയിലിംഗ് അപ് പ്ലാനുകള്‍ ഉടന്‍ നടപ്പിലാക്കുന്നത്. ഇത് നിലവിലെ മേഖലകള്‍ക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്.

പൂക്കള്‍ മുതല്‍ മരുന്നുകള്‍ വരെ വീടുകളിലെത്തിക്കുന്ന സ്വിഗ്ഗി സ്റ്റോറുകളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. 250 കോടി രൂപയാണ് പുതിയ പദ്ധതികള്‍ക്കായി ഇപ്പോള്‍ സ്വിഗ്ഗി നിക്ഷേപിക്കുന്നത്. 3.3 ബില്യണ്‍ ഡോളര്‍ കമ്പനിക്ക് ക്ലൗഡ് കിച്ചനും മികച്ച നേട്ടം നല്‍കുമെന്നാണ് കമ്പനി സിഇഒ വ്യക്തമാക്കുന്നത്. (സ്വന്തമായി കിച്ചനില്ലാത്ത എന്നാല്‍ വിവിധ സ്ഥലത്തു നിന്നും ഭക്ഷണം എത്തിക്കുന്ന കോണ്‍സെപ്റ്റാണിത്.)

കൊച്ചിയടക്കം ഒട്ടേറെ നഗരങ്ങളില്‍ സ്വിഗ്ഗി ക്ലൗഡ് കിച്ചണുകള്‍ തുടങ്ങും. ഇതിനായി 75 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ക്ലൗഡ് കിച്ചണുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. 175 കോടി രൂപ മുടക്കി രാജ്യത്തെ 14 നഗരങ്ങളിലായി 1000 ക്ലൗഡ് കിച്ചണുകള്‍ ഇതുവരെ സ്വിഗ്ഗി തുറന്നിട്ടുണ്ട്. എണ്ണായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കിയെന്നു കമ്പനി പറയുന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News