സ്വിഗ്ഗിയില്‍ ഇനി ഓരോ ഓര്‍ഡറിനും 2 രൂപ അധികം നല്‍കണം
പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തി, ലക്ഷ്യം വരുമാന വര്‍ധന
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ഉപയോക്താക്കളില്‍ നിന്ന് ഓരോ ഓര്‍ഡറിനും 2 രൂപ വീതം 'പ്ലാറ്റ്‌ഫോം ഫീസ്' ഈടാക്കാന്‍ തുടങ്ങിയതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വരുമാനം ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്രതിദിനം 15 ലക്ഷത്തിലധികം ഭക്ഷ്യവിതരണ ഓര്‍ഡറുകള്‍ ലഭിക്കുന്ന സ്ഥാപനമാണ് സ്വിഗ്ഗി.
നിലവില്‍ ബെംഗളുരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലെ ഭക്ഷ്യവിതരണ ഓര്‍ഡറുകള്‍ക്ക് മാത്രമാണ് ഇത് ഈടാക്കുന്നത്. അതേസമസം ഇന്‍സ്റ്റാമാര്‍ട്ടിലെ പലചരക്ക് സാധനങ്ങളുടെ ഓര്‍ഡറുകള്‍ക്ക് ഇത് ബാധകമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനിയുടെ വികസനത്തിന്
പ്ലാറ്റ്ഫോം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ സവിശേഷതകള്‍ വികസിപ്പിക്കുന്നതിനുമായാണ് പ്ലാറ്റ്ഫോം ഫീസ് പ്രധാനമായും ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ചില ട്രാവല്‍, സിനിമാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ സീറ്റുകളും ടിക്കറ്റുകളും ബ്ലോക്ക് ചെയ്യുന്നതിനുള്ള കണ്‍വീനിയന്‍സ് ഫീസായി ഈടാക്കുന്നതിന് സമാനമാണ് ഈ ഫീസ്. സ്വിഗ്ഗി വണ്‍ സബ്സ്‌ക്രിപ്ഷന്‍ അംഗങ്ങള്‍ക്കും ഇത് ബാധകമാണ്. കൂടുതല്‍ നഗരങ്ങളിലേക്കും പ്ലാറ്റ്‌ഫോം ഫീസ് ഏര്‍പ്പെടുത്തിയേക്കാം.
വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍
ഫണ്ടിംഗ് കുറഞ്ഞതോടെ പല സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടാനും ലാഭകരമല്ലാത്ത പ്രോജക്റ്റുകള്‍ അടച്ചുപൂട്ടാനും നിര്‍ബന്ധിതരായി. പിന്നാലെ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ചെലവ് കുറച്ച്, ലാഭ കേന്ദ്രീകൃതമായി കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കൂട്ടപിരിച്ചുവിടലുകള്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ പല കമ്പനികളും സ്വീകരിച്ചു. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ജനുവരിയില്‍ സ്വിഗ്ഗിയും കുറഞ്ഞത് 380 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് കമ്പനി പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കി തുടങ്ങിയത്.