കൃത്രിമ റബറിന്റെ വില താഴേക്ക്; കനത്ത ആശങ്കയില്‍ കര്‍ഷകര്‍

Update: 2020-03-21 10:42 GMT

ക്രൂഡ് ഓയിലിന്റെ വിലയിടിവു മൂലം കൃത്രിമ റബറിനുണ്ടാകുന്ന വിലക്കുറവ് പ്രകൃതിദത്ത റബ്ബറിന് കനത്ത തിരിച്ചടിയാകുമെന്നുറപ്പായി. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടശേഷം വാഹന മേഖലയിലുള്‍പ്പെടെ റബര്‍ ഉപഭോഗം താഴ്ന്നതിലുള്ള ആശങ്ക കൂടുതല്‍ തീവ്രമാകുകയാണിതുവഴി. വൈറസ് ബാധ രൂക്ഷമായിത്തുടങ്ങിയ ജനുവരി മുതല്‍ റബ്ബറിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 6% കുറഞ്ഞു.

ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതോടെ അതില്‍ നിന്നുണ്ടാക്കുന്ന കൃത്രിമ റബറിന്റെ വിലയും താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് വരും ആഴ്ചകളില്‍ പ്രകൃതിദത്ത റബര്‍ വില 5 % ഇനിയും കുറയാനിടയുണ്ടെന്നാണ് വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ കൊമോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഏറ്റവും ഉയര്‍ന്ന ഏപ്രില്‍ കരാര്‍ പ്രകാരമുള്ള അവധി വില 100 കിലോയ്ക്ക് 13,116 രൂപയായിരുന്നു ഇക്കഴിഞ്ഞ ദിവസം. അടുത്ത രണ്ട് മൂന്ന് ആഴ്ചകളില്‍, അവധി വില 100 കിലോയ്ക്ക് 12,000-13,000 രൂപയായി കുറയുമെന്നാണ് സൂചന.

തായ്ലന്‍ഡിലെ ഗുണനിലവാരമേറിയ ആര്‍എസ്എസ് -3 ഇനത്തിന്റെ വില 100 കിലോഗ്രാമിന് 4.37 ഡോളര്‍ കുറഞ്ഞ് 143.90 ഡോളറിലെത്തിയെന്ന് റബ്ബര്‍ ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസമയം,  മലേഷ്യയില്‍ എസ്എംആര്‍ -20 ഇനത്തിന്റെ വില 35 സെന്റ് കുറഞ്ഞ് 100 കിലോയ്ക്ക് 119.30 ഡോളറായി. ഏകദേശം 115 രൂപയ്ക്ക് റബര്‍ വാങ്ങാനുള്ള കരാറാണ് ജപ്പാന്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടത്.കേരള വിപണിയില്‍ റബറിന് കഴിഞ്ഞ ഒന്നര മാസത്തിനിടെ കിലോ ഗ്രാമിന് 140 രൂപയില്‍ നിന്ന് 20 രൂപയോളം വില താഴ്ന്നു.

രാജ്യത്തെ റബ്ബര്‍ ഉപഭോഗത്തിന്റെ 65% ടയര്‍ മേഖലയിലാണ്്. മറ്റൊരു 20% വാഹനമേഖലയ്ക്കുള്ള ആക്‌സസറികളുടെ ഉല്‍പാദനത്തിനും ഉപയോഗിക്കുന്നു.കുറഞ്ഞ വിലയ്ക്ക് കൃത്രിമ റബര്‍ ലഭിക്കുമ്പോള്‍ ഫാക്ടറികളെല്ലാം സ്വാഭാവിക റബറിനെ പരമാവധി കൈവിടുക സ്വാഭാവികം.ആഭ്യന്തര സ്റ്റോക്കിസ്റ്റുകളില്‍ നിന്നും ടയര്‍ നിര്‍മാതാക്കളില്‍ നിന്നുമുള്ള ആവശ്യകത മിക്കവാറും ഇല്ലാതായിരിക്കുകയാണ്. റബര്‍ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നിന്ന ചൈനയില്‍ വ്യവസായ മേഖല തിരിച്ചടി നേരിട്ടതാണ് വിലയിടിവിനു പ്രധാന കാരണമായത്. വൈറസ് ബാധ വന്നതോടെ ചൈനയില്‍ ഗതാഗതം കുറഞ്ഞത് ടയര്‍ ബിസിനസിനെയും വാഹന നിര്‍മ്മാണത്തെയും സാരമായി ബാധിച്ചു.വാഹനങ്ങളുടെ വില്‍പ്പന നാമമാത്രമായി.

ലോകത്തെ ഏറ്റവും മികച്ച രണ്ട് റബ്ബര്‍ ഉപഭോക്താക്കളാണ് ചൈനയും ഇന്ത്യയും. ഇന്ത്യയില്‍ ഏതാനും മാസങ്ങളായി മാന്ദ്യത്തിലായിരുന്നു വാഹന വിപണിയും വാഹന നിര്‍മ്മാണവും. ഇതിനിടെയാണ് ചൈനയില്‍ നിന്നുള്ള ഉല്‍പ്പാദന ഘടകങ്ങളുടെ സപ്ലൈ തകരാറിലായത്. മിക്ക രാജ്യങ്ങളിലും വാഹന ബിസിനസിന് വൈറസ് ബാധയുടെ തിരിച്ചടിയേല്‍ക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. റബര്‍ ഉപഭോഗം കുറയാനിടയാക്കുന്ന സാഹചര്യങ്ങളാണിവ. 

ഒരു ഫംഗസ് രോഗം മൂലം ഈ വര്‍ഷം ഉല്‍പാദനം 800,000 ടണ്‍ കുറയുമെന്ന് തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ത്രികക്ഷി റബ്ബര്‍ കൗണ്‍സില്‍ പറയുന്നുണ്ടെങ്കിലും ഉപഭോഗം കുറയുമെന്നു വ്യക്തമായിരിക്കേ വിലയിടിവിനുള്ള സാധ്യത തന്നെയാണ് പ്രകൃതിദത്ത റബറിനെ ഉറ്റുനോക്കുന്നത്. ആഗോള ഉല്‍പാദനത്തിന്റെ 70% ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്.

പ്രകൃതിദത്ത റബ്ബറിന്റെ ആഗോള സപ്‌ളൈ  2.7 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 14.177 മില്ല്യണ്‍ ടണ്ണായി ഉയരുമെന്ന്് അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) പുറത്തുവിട്ടിട്ടുള്ള കണക്ക് അപ്രസക്തമായിക്കഴിഞ്ഞു. വിയറ്റ്‌നാമും ഇന്ത്യയും ശ്രീലങ്കയും നേരത്തേതില്‍ നിന്നു താഴ്ത്തി രേഖപ്പെടുത്തിയ പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിഷ്‌കരിച്ച എസ്റ്റിമേറ്റാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും കോവിഡ് 19 ബാധയുടെ തിരിച്ചടി മൂലം ഉപഭോഗം ഗണ്യമായി താഴുകയേയുള്ളൂവെന്ന് വ്യക്തമായിരുന്നു. അതിനു പിന്നാലെയാണ് കൃത്രിമ റബറിന്റെ വിലയിടിവു മൂലമുണ്ടാകുന്ന പുതിയ പ്രതിസന്ധി. പ്രകൃതിദത്ത റബറിന്റെ ഉപഭോഗം ഇതു മൂലം വീണ്ടും താഴും.

ലോക ഉത്പാദനത്തിന്റെ കണക്കുകള്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എഎന്‍ആര്‍പിസി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും കോവിഡ് 19 ബാധ മൂലം ഉല്‍പ്പാദനം എത്ര കുറയുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. 2020 ലെ ഇന്ത്യയുടെ ഉല്‍പ്പാദനം 1.3 ദശലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. അത് ഇപ്പോള്‍ 1.2 ദശലക്ഷം ടണ്‍ ആയി കുറച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ കണക്ക് ഇനിയും മാറാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News