പുതിയ നീക്കവുമായി ടാറ്റ കണ്‍സ്യൂമര്‍, ഇനി ഈ വിഭാഗത്തിലേക്കും

ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായുള്ള ടാറ്റ ഗോഫിറ്റ് കമ്പനി പുറത്തിറക്കി

Update: 2022-09-13 05:49 GMT

കണ്‍സ്യൂമര്‍ രംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍ നീക്കവുമായി ടാറ്റ (Tata). ഇതിന്റെ ഭാഗമായി ടാറ്റ കണ്‍സ്യൂമര്‍ ലിമിറ്റഡ് (Tata Consumer Products) ഹെല്‍ത്ത് സെഗ്മെന്റ് വിഭാഗത്തിലേക്ക് പ്രവേശിച്ചു. സ്ത്രീകള്‍ക്കായുള്ള ഹെല്‍ത്ത് സപ്ലിമെന്റ് ശ്രേണിയായ ടാറ്റ ഗോഫിറ്റിന്റെ സമാരംഭത്തോടെയാണ് ഈ വിഭാഗത്തിലേക്കുള്ള പ്രവേശനം ടാറ്റ കണ്‍സ്യൂമര്‍ പ്രഖ്യാപിച്ചത്. സസ്യ അധിഷ്ഠിത പ്രോട്ടീന്‍ പൊടിയാണ് ടാറ്റ ഗോഫിറ്റ്.

വരും നാളുകളില്‍ വെല്‍നസ് പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തി ഈ രംഗത്ത് സജീവമാകാനാണ് ടാറ്റ കണ്‍സ്യൂമറിന്റെ ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ-കേന്ദ്രീകൃത ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം.

'ഉപഭോക്താക്കള്‍ അവരുടെ പോഷകാഹാരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ ഫിറ്റ്‌നസ് ബോധമുള്ളവരാകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്,'' ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് പാക്കേജ്ഡ് ഫുഡ്സ് (ഇന്ത്യ) പ്രസിഡന്റ് ദീപിക ഭാന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഭക്ഷണ-പാനീയ ഉല്‍പ്പന്നങ്ങളെ ഒരു കുടക്കീഴില്‍ ഏകീകരിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ചായ, കാപ്പി, വെള്ളം, ഉപ്പ്, പയര്‍വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഓഫറുകള്‍, ബ്രേക്ക്ഫാസ്റ്റ് ധാന്യങ്ങള്‍, ലഘുഭക്ഷണങ്ങള്‍, മിനി മീല്‍സ് എന്നിവ ഉള്‍പ്പെടുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്‍ഡഡ് ടീ കമ്പനിയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്. കഴിഞ്ഞവര്‍ഷം ഏകീകൃത അറ്റാദായത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി നേടിയത്. 277 കോടി രൂപയാണ് കമ്പനിയുടെ ഏകീകൃത അറ്റാദായം.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News