ടാറ്റ കണ്‍സ്യൂമര്‍ അറ്റാദായം 23% ഉയര്‍ന്ന് 269 കോടി രൂപയായി
സംയോജിത വരുമാനം 14% ഉയര്‍ന്ന് 3,619 കോടി രൂപയായി
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ മാര്‍ച്ച് പാദത്തിലെ സംയോജിത അറ്റാദായം 23.5 ശതമാനം വര്‍ധിച്ച് 269 കോടി രൂപയായി. ഈ പാദത്തിലെ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം ഉയര്‍ന്ന് 3,619 കോടി രൂപയായിതായി ടാറ്റ ഗ്രൂപ്പ് കമ്പനി അറിയിച്ചു. കമ്പനിയുടെ നികുതിയ്ക്കും പലിശയ്ക്കും മുമ്പുള്ള ലാഭം (EBITDA) മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13.1 ശതമാനം വളര്‍ച്ചയോടെ 518 കോടി രൂപ രേഖപ്പെടുത്തി.
ശക്തമായ വളര്‍ച്ചയില്‍ ടാറ്റ സ്റ്റാര്‍ബക്സും
കമ്പനിയുടെ ആഭ്യന്തര ബിവറേജസ് ബിസിനസും ആഭ്യന്തര ഭക്ഷ്യ ബിസിനസും ഈ പാദത്തില്‍ 8 ശതമാനം വളര്‍ന്നു. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് 11 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തിയതായി ടാറ്റ കണ്‍സ്യൂമര്‍ അറിയിച്ചു. ടാറ്റ സ്റ്റാര്‍ബക്സ് ഈ പാദത്തില്‍ 48 ശതമാനത്തോടെ ശക്തമായ വരുമാന വളര്‍ച്ച രേഖപ്പെടുത്തി. 15 പുതിയ നഗരങ്ങളിലായി ടാറ്റ സ്റ്റാര്‍ബക്‌സ് 71 പുതിയ സ്റ്റോറുകള്‍ തുറന്നതോടെ 41 നഗരങ്ങളിലായി മൊത്തം സ്റ്റോറുകളുടെ എണ്ണം 333 ആയി.
ഓഹരി ഒന്നിന് 8.45 രൂപ അന്തിമ ലാഭവിഹിതം
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നളുടെ എണ്ണം 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ഏകദേശം 2 മടങ്ങ് ആയതിനാല്‍ വിഭാഗങ്ങളിലുടനീളമുള്ള ഗണ്യമായി വര്‍ധനവുണ്ടായതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനില്‍ ഡിസൂസ പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരി ഒന്നിന് 8.45 രൂപ അന്തിമ ലാഭവിഹിതം ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ബിഎസ്ഇയില്‍ 0.13% താഴ്ന്ന് 733.00 രൂപയില്‍ (11:06am) ടാറ്റ കണ്‍സ്യൂമർ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.