വിദേശ കാര്‍ നിര്‍മാതാക്കള്‍ക്ക് നികുതിയിളവ്: ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പ്രതിഷേധം
പ്രാദേശികമായി നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതിചുങ്കം കുറയ്ക്കുന്ന നീക്കം പരിഗണനയില്‍
അമേരിക്കന്‍ കമ്പനിയായ ടെസ്‌ല ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും രംഗത്ത്.
ആഭ്യന്തര വാഹന വിപണിയേയും കമ്പനിയുടെ നിക്ഷേപകരേയും സംരക്ഷിക്കേണ്ടതുണ്ടെന്നും നികുതി നിരക്കുകള്‍ കുറയ്ക്കരുതെന്നുമാണ് ടാറ്റയുടെ നിലപാട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടി.പി.ഡിയും അബുദബി സ്റ്റേറ്റ് ഹോള്‍ഡിംഗ് കമ്പനി എ.ഡി.ക്യുവും 2021ല്‍ ടാറ്റ ഇലക്ട്രിക് വാഹന ബിസിനസിന് 9 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കി 100 കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) നിക്ഷേപം നടത്തിയിരുന്നു. വിദേശ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ഭാവിയിലെ ഫണ്ട് സമാഹരണ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നാണ് ടാറ്റ കണക്കാക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കളിലെ ലീഡറാണ് ടാറ്റ. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 72,000 ഇലക്ട്രിക് കാറുകള്‍ വിറ്റതില്‍ 74 ശതമാനവും ടാറ്റയുടേതാണ്.
ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മഹീന്ദ്രയും ഈ നീക്കത്തിൽ ആശങ്ക അറിയിച്ചതായാണ് സൂചന. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സംഗപ്പൂര്‍ ആസ്ഥാനമായ ടെമാസെക്കില്‍ നിന്നും ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും 40 കോടി ഡോളര്‍ (ഏകദേശം 3,300 കോടി രൂപ) നിക്ഷേപം നേടിയിട്ടുണ്ട്.
എല്ലാം ടെസ്‌ലയ്ക്കായി
കുറഞ്ഞ നികുതിയില്‍ ഇന്ത്യയിലേക്ക് പ്രീമിയം ശ്രേണിയിലുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനും 24,000 ഡോളര്‍ വില (ഏകദേശം 20 ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുമാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. ടെസ്‌ലയുടെ വിദേശ വിപണിയിലുള്ള മിക്ക മോഡലുകളും 40,000 ഡോളറിനു മേല്‍ വിലയുള്ളതാണ്. 9.2 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കുന്നത്.
ലക്ഷ്യം ദ്രുത വളർച്ച
ഇന്ത്യ കൂടാതെ തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ടെസ്‌ലയില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.