തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപവുമായി ടാറ്റ പവര്‍, സര്‍ക്കാരുമായി ധാരണയായതായി കമ്പനി
3,000 കോടി രൂപയാണ് ടാറ്റയ്ക്ക് കീഴിലുള്ള കമ്പനി തമിഴ്‌നാട്ടില്‍ നിക്ഷേപിക്കുന്നത്
തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപവുമായി രാജ്യത്തെ പ്രമുഖ ഊര്‍ജ കമ്പനിയായ ടാറ്റ പവര്‍. തിരുനെല്‍വേലി ജില്ലയില്‍ സോളാര്‍ സെല്ലുകളും (Solar Cells) മൊഡ്യൂളുകളും നിര്‍മിക്കുന്നതിനുള്ള പുതിയ സൗകര്യം സ്ഥാപിക്കുന്നതിനായി 3,000 കോടി രൂപ നിക്ഷേപിക്കാനാണ് ടാറ്റ പവര്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതായി ടാറ്റ പവര്‍ (Tata Power) അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് കൃഷ്ണനും ടാറ്റ പവര്‍ സിഇഒയും എംഡിയുമായ പ്രവീര്‍ സിന്‍ഹയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
'ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവര്‍ കമ്പനികളിലൊന്നായ ടാറ്റ പവര്‍, തിരുനെല്‍വേലി ജില്ലയില്‍ ഗ്രീന്‍ഫീല്‍ഡ് 4GW സോളാര്‍ സെല്ലും 4GW സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിനായി ഏകദേശം 3,000 കോടി രൂപ നിക്ഷേപിക്കുന്നതിന് തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു' ടാറ്റ പവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിക്ഷേപം 16 മാസത്തിനുള്ളില്‍ നടത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വനിതകളായിരിക്കുമെന്നും കമ്പനി അറിയിച്ചു.
രാജ്യത്ത് അത്യാധുനിക ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹരിത സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തുന്നതില്‍ മുന്‍നിരയിലാണെന്നും ടാറ്റ പവര്‍ പറഞ്ഞു. ബെംഗളൂരുവിനുശേഷം കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ യൂണിറ്റായിരിക്കും തമിഴ്‌നാട്ടില്‍ സജ്ജീകരിക്കുക.