ഇന്ത്യന്‍ ഐ.ടി മേഖലയുടെ തളര്‍ച്ച വ്യക്തമാക്കുന്ന പാദ വര്‍ഷ ഫലവുമായി ടിസിഎസ്

Update: 2020-07-10 08:00 GMT

കോവിഡ് മൂലം ഇന്ത്യന്‍ ഐ ടി മേഖലയിലുണ്ടായ തളര്‍ച്ചയുടെ വ്യക്തമായ സൂചന നല്‍കി  ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തിലെ ഫലങ്ങളുമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് റിപ്പോര്‍ട്ട്. രാജ്യത്തെ  ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ലാഭത്തില്‍ 13.81 ശതമാനം ഇടിവ്  രേഖപ്പെടുത്തി.

ഈ പാദത്തില്‍ 7,008 കോടി രൂപയാണ് അറ്റാദായം.കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസം 8131 കോടിയുണ്ടായിരുന്നു. അതേസമയം, കമ്പനിയുടെ ഏകീകൃത വരുമാനം 0.39 ശതമാനം ഉയര്‍ന്ന് 38,322 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തിലെ വരുമാനം 38172 രൂപയായിരുന്നു.ഈ പാദത്തിന്റെ തുടക്കത്തില്‍ തങ്ങള്‍ കണക്കാക്കിയിരുന്ന രീതിയില്‍ കോവിഡ് മൂലമുള്ള വരുമാനക്കുറവ് വിശാലമായെന്ന് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.ലൈഫ് സയന്‍സസും ഹെല്‍ത്ത് കെയറും ഒഴികെയുള്ള എല്ലാ ലംബങ്ങളെയും ഇത് ബാധിച്ചു.പക്ഷേ, അധോഗതി ഇനി തുടരാനിടയില്ല.വളര്‍ച്ചയിലേക്കുള്ള പാത വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിലാണു കമ്പനിയെന്ന് രാജേഷ് ഗോപിനാഥന്‍ അറിയിച്ചു.ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള കമ്പനികളുടെയും സാമ്പത്തിക ഫലങ്ങള്‍ ഉടന്‍ എത്തുന്നതോടെ ഐ ടി മേഖലയിലെ തളര്‍ച്ച കൂടുതല്‍ വ്യക്തമാകും. സംസ്ഥാനത്തെ പ്രധാന ഐ.ടി.പാര്‍ക്കുകളെയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ പ്രാഥമിക സര്‍വേ നല്‍കുന്ന സൂചന പ്രകാരം മേഖലയിലുള്ള 80 ശതമാനത്തോളം പേര്‍ക്കും വരുമാനത്തില്‍ കാര്യമായ കുറവുണ്ടായി. തൊഴിലിന്റെയും വരുമാനത്തിന്റെയും കാര്യത്തില്‍ കമ്പനികളും പ്രതിസന്ധി നേരിടുന്നുണ്ട്.

ചെലവ് ചുരുക്കാന്‍  ഐ.ടി. കമ്പനികള്‍ ഓഫീസിന്റെ വലിപ്പം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളിലെ പല കമ്പനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നല്‍കാന്‍ ശ്രമം തുടങ്ങി.പ്രവര്‍ത്തന സ്ഥലത്തിന്റെ ഒരു ഭാഗം ഒഴിയുകയാണെന്ന് ചില കമ്പനികള്‍ അറിയിച്ചു.സെപ്റ്റംബര്‍ വരെ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ല. അതിനാലാണ് ചെലവ് കുറയ്ക്കുന്നതെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

വരുമാനത്തില്‍ വലിയ കുറവുണ്ടായെന്ന് സര്‍വേയില്‍ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. സര്‍വേയില്‍ പങ്കെടുത്ത 89 കമ്പനികള്‍ക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികള്‍ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ വരും. പദ്ധതികള്‍ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ.ജനുവരി-മാര്‍ച്ച് മാസങ്ങളിലെയും ഏപ്രില്‍- ജൂണ്‍ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്.

പൊതുഗതാഗതമില്ലാത്തത് വെല്ലുവിളിയാണ്. ഉപഭോക്താക്കളെ നേരില്‍ കാണാനാകുന്നില്ല. പല പദ്ധതികളും റദ്ദായി.എ.സി.യില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് ചൂണ്ടിക്കാണിച്ച്, ഓഫീസിലെത്തി ജോലി ചെയ്യാന്‍ ജീവനക്കാര്‍ വിസമ്മതിക്കുന്നു. വിലയേറിയ ഡാറ്റയാണ് കമ്പനികളുടേതെന്നതിനാല്‍ വീട്ടിലിരുന്നുള്ള ജോലിക്ക് കൂടുതല്‍ സുരക്ഷ വേണമെന്നത് വെല്ലുവിളിയായി മാറുന്നു.

സംസ്ഥാനത്ത ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 64 പേരെ ഐ.ടി. കമ്പനികളില്‍നിന്ന് പിരിച്ചുവിട്ടതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കിടയിലുള്ള സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തൊഴിലില്‍ നിന്നു മാറ്റി നിര്‍ത്തിയത് 280 പേരെയാണ്. 1137 പേര്‍ക്ക് വേതനത്തില്‍ കുറവുണ്ടായി. 7514 ജീവനക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതര്‍ തന്നെ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News