75 ലക്ഷം കോടി കവിഞ്ഞ് ടെസ്ലയുടെ മൂല്യം
ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുന്ന ആദ്യ ഓട്ടൊമൊബീല്‍ കമ്പനി
ഇലക്ട്രിക് കാര്‍ രംഗത്തെ പ്രമുഖരായ ടെസ്ലയുടെ വിപണി മൂല്യം ട്രില്യണ്‍ ഡോളറിലെത്തി. റെന്റല്‍ കാര്‍ കമ്പനിയായ ഹെര്‍ട്‌സില്‍ നിന്ന് വന്‍ ഓഡര്‍ ലഭിച്ചതിനു പിന്നെലെയാണ് ടെസ്ലയുടെ മൂല്യം ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം ടെസ്ലയുടെ ഓഹരി വില 14.9 ശതമാനം ഉയര്‍ന്ന് 1.45.02 ഡോളറില്‍ എത്തിയിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ഓട്ടോമൊബീല്‍ കമ്പനിയായി മാറിയിരിക്കുകയാണ് ടെസ്ല.
മാത്രമല്ല, ആമോണ്‍ ഡോട്ട് കോം മൈക്രോ സോഫ്റ്റ് കോര്‍പറേഷന്‍, ആല്‍ഫബെറ്റ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ അടങ്ങുന്ന ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം നേടിയ ഓട്ടോമൊബീല്‍ മേഖലയില്‍ നിന്നുള്ള ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ടെസ്ല.
ഒരു ലക്ഷം കാറുകള്‍ക്കാണ് ഹെര്‍ട്‌സ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 2022 അവസാനത്തോടെ ഇവ നല്‍കണമെന്നാണ് ധാരണ.
50 ശതമാനം വാര്‍ഷിക വളര്‍ച്ച കമ്പനി നേടണമെന്നതാണ് ടെസ്ല ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം. പ്രതിവര്‍ഷം 20 ദശലക്ഷം കാറുകള്‍ പുറത്തിറക്കാനാണ് പദ്ധതി.
ഇലക്ട്രിക് കാറുകള്‍ക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം യൂറോപ്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റത് ടെസ്ലയുടെ മോഡല്‍ 3 കാറുകളാണ്.