നാലാം പാദത്തില്‍ റെക്കോഡ് ഇടപാടുകള്‍ നേടി ടി.സി.എസ്; അറ്റാദായം 9% വര്‍ധിച്ചു, 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 6,01,546 ജീവനക്കാരാണ് ടി.സി.എസിനുള്ളത്
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) അറ്റാദായം 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ 11,392 കോടി രൂപയില്‍ 2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 9 ശതമാനം വര്‍ധിച്ച് 12,434 കോടി രൂപയായി. ഇതോടെ 2023-24 മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ അറ്റാദായം 46,585 കോടി രൂപയായി. നാലാം പാദത്തില്‍ വരുമാനം 3.5 ശതമാനം വര്‍ധനയില്‍ 61,237 കോടി രൂപയായും ഉയര്‍ന്നതോടെ 2023-24ലെ മൊത്തം വരുമാനം 6.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,40,893 കോടി രൂപയായി.
കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ മുന്‍ പാദത്തിലെ 25 ശതമാനത്തില്‍ നിന്ന് നാലാം പാദത്തില്‍ 26 ശതമാനമായി ഉയര്‍ന്നു. ഇതോടെ 2023-24 മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മാര്‍ജിന്‍ 24.6 ശതമാനം ആയി. അതേസമയം നാലാം പാദത്തില്‍ വടക്കേ അമേരിക്കയില്‍ ടി.സി.എസിന്റെ വളര്‍ച്ചയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.3 ശതമാനം കുറവാണുണ്ടായത്. ഇന്ത്യന്‍ വിപണി 37.9 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണി 10.7 ശതമാനം വളര്‍ച്ച കൈവരിച്ചു.
നാലാം പാദത്തില്‍ ത്രൈമാസ റെക്കോഡായ 13.2 ബില്യണ്‍ ഡോളറിന്റെ (1.1 ലക്ഷം കോടി രൂപ) ഇടപാടുകള്‍ (deals) ടി.സി.എസ് സ്വന്തമാക്കിയതോടെ 2023-24ല്‍ മൊത്തം ഇടപാടുകളുടെ മൂല്യം 42.7 ബില്യണ്‍ ഡോളറായി. ടി.സി.എസ് ബോര്‍ഡ് ഓഹരി ഒന്നിന് 28 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 6,01,546 ജീവനക്കാരാണ് ടി.സി.എസിനുള്ളത്. ഇതില്‍ 35.6 ശതമാനം സ്ത്രീകളാണുള്ളത്. ഒട്ടേറെ ഇടപാടുകള്‍ സ്വന്തമാക്കി കൊണ്ട് മികച്ച പ്രകടനമാണ് കമ്പനി ഇക്കാലയളവില്‍ കാഴ്ചവച്ചതെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍. ഗണപതി സുബ്രഹ്‌മണ്യം പറഞ്ഞു. എന്‍.എസ്.ഇയില്‍ 0.48 ശതമാനം ഉയര്‍ന്ന് 4003.80 രൂപയില്‍ ഇന്ന് ടി.സി.എസ് ഓഹരികളുടെ വ്യാപാരം അവസാനിച്ചു. ഇന്ന് വ്യാപാരം അവസാനിച്ചതിന് ശേഷമാണ് ടി.സി.എസിന്റെ പാദഫലം പുറത്തു വന്നത്. അതിനാൽ തിങ്കളാഴ്ചയാകും ഇതിന്റെ പ്രതിഫലനം വിപണിയില്‍ കാണാനാകുക.