വരുന്നു, ഇവി രംഗത്ത് ടൊയോട്ടയുടെ വലിയ നിക്ഷേപം
ഇന്ത്യയില്‍നിന്ന് ഇവി പാര്‍ട്സുകള്‍ നിര്‍മിക്കാനാണ് ടൊയോട്ട ഗ്രൂപ്പ് പദ്ധതിയിടുന്നത്
ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്ക്ള്‍ വ്യവസായത്തിന് പ്രചോദനമേകുന്ന പദ്ധതിയുമായി ടൊയോട്ട. ഇന്ത്യയില്‍നിന്ന് ഇവി പാര്‍ട്സുകള്‍ നിര്‍മിക്കാന്‍ 48 ബില്യണ്‍ രൂപ (624 ദശലക്ഷം ഡോളര്‍) യുടെ നിക്ഷേപത്തിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ടൊയോട്ട കിര്‍ലോസ്‌കര്‍ ഓട്ടോ പാര്‍ട്സും കര്‍ണാടകയുമായി 41 ബില്യണ്‍ രൂപ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചതായി ടൊയോട്ട വ്യക്തമാക്കി. ടൊയോട്ട ഇന്‍ഡസ്ട്രീസ് എഞ്ചിന്‍ ഇന്ത്യയാണ് ബാക്കി ഏഴ് ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്തുന്നത്.
ടൊയോട്ടയുടെ നിക്ഷേപത്തിന്റെ ഫലമായി 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ''ഞങ്ങള്‍ ഏകദേശം 3,500 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്'' ടൊയോട്ട കിര്‍ലോസ്‌കര്‍ വൈസ് ചെയര്‍മാന്‍ വിക്രം ഗുലാത്തി പറഞ്ഞു. ''വിതരണ ശൃംഖല സംവിധാനം ശക്തമാകുന്നതനുസരിച്ച് പിന്നീട് കൂടുതല്‍ തൊഴിലുകളുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ ഇന്ത്യയിലെ ഇവി വില്‍പ്പന ഇരട്ടിയോളമാണ് വര്‍ധിച്ചത്. ക്രിസിലിന്റെ പ്രവചനമനുസരിച്ച്, ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക് 2026 സാമ്പത്തിക വര്‍ഷം വരെ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് 20 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനാകും. 2040-ഓടെ, ഇന്ത്യയിലെ പുതിയ ഓട്ടോമൊബൈല്‍ വില്‍പ്പനയുടെ 53 ശതമാനം ഇലക്ട്രിക്കായിരിക്കും.