50,000 യുവജനങ്ങള്‍ക്ക് പരിശീലനം; വന്‍ പദ്ധതിയുമായി റെയ്ല്‍വേ

റെയ്ല്‍ കുശാല്‍ യോജന പദ്ധതിയിലൂടെയാണ് പരിശീലനം നല്‍കുന്നത്

Update: 2021-09-18 06:58 GMT

രാജ്യത്തെ 50,000 യുവജനങ്ങള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിന് വന്‍ പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വേ. റെയ്ല്‍ കൗശല്‍ വികാസ് യോജനയുടെ ഭാഗമായാണ് 18 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവജനങ്ങള്‍ക്കായി പരിശീലനം നല്‍കുന്നത്. പദ്ധതി റെയ്ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച അവതരിപ്പിച്ചു.

ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെഷീനിസ്റ്റ്, ഫിറ്റര്‍ എന്നിങ്ങനെ നാല് ട്രേഡുകളിലാണ് പരിശീലനം നല്‍കുക. 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി രാജ്യമെമ്പാടുമുള്ള 75 റെയില്‍വേ പരിശീലന സ്ഥാപനങ്ങളിലായാണ് നടത്തുന്നത്. നോഡല്‍ പ്രൊഡക്ഷന്‍ യൂണിറ്റായ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സ് ആണ് പ്രോഗ്രാമിന്റെ പാഠ്യപദ്ധതി വികസിപ്പിച്ചത്. തുടക്കത്തില്‍ 1,000 പേര്‍ക്കാണ് പദ്ധതിയിലൂടെ പരിശീലനം നല്‍കുക. തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ 50,000 അപേക്ഷകരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ ഈ സ്ഥാപനങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മെട്രിക്കുലേഷനില്‍ ലഭിച്ച മാര്‍ക്കുകള്‍ പോലുള്ളവ പരിഗണിച്ച് സുതാര്യമായ സംവിധാനത്തിലൂടെയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. എന്നിരുന്നാലും, പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുകയില്ലെന്നും റെയ്ല്‍വേ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പരിശീലകര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് മൂല്യനിര്‍ണയത്തിന് വിധേയമാകേണ്ടതുണ്ട്, പ്രോഗ്രാം സമാപിക്കുമ്പോള്‍ റെയില്‍വേ/ നാഷണല്‍ റെയില്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിച്ച സര്‍ട്ടിഫിക്കറ്റും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.



Tags:    

Similar News